howdy-modi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി 'ഹൗഡി മോദി'യെ ഇന്ത്യൻ മാദ്ധ്യമങ്ങൾ വാനോളം പുകഴ്ത്തിയിരുന്നു. ഹൂസ്റ്റണിൽ വച്ച് നടന്ന പരിപാടിയിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും മോദിയും ട്രംപും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ യു.എസ് മാദ്ധ്യമങ്ങൾ പരിപാടിയെ ട്രംപിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളായിട്ടാണ് കണ്ടതെന്നാണ് വിലയിരുത്തുന്നത്.

ട്രംപിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും തീവ്ര കുടിയേറ്റ നിയമങ്ങളുടെ വക്താവായ ട്രംപ് ഹൗഡി മോദിയിലൂടെ ഇന്ത്യൻ വംശജരായ അമേരിക്കൻസിനെ കൈയ്യിലെടുക്കാനാണ് ശ്രമിക്കുന്നതെന്നും വാഷിംങ്ടണ്‍ പോസ്റ്റ് ഉൾപ്പെടെയുള്ള യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല ട്രംപിന്റെ രണ്ടാം വരവിനായുള്ള ശ്രമമാണെന്നും ന്യൂയോർക്ക് ടൈംസ്ചൂണ്ടിക്കാട്ടുന്നു. മോദിയുടെ പരിപാടിയിൽ ട്രംപ് അത്ര പരിചയമില്ലാത്ത ഊഷ്മളത അഭിനയിക്കുകയാണെന്നാണ് വാഷിംങ്ടൺ പോസ്റ്റ് പറയുന്നത്.

ജനങ്ങൾക്ക് മുന്നിൽ ട്രംപിനെ മോദി പുകഴ്ത്തുന്നുണ്ട്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ കുടിയേറ്റ നിലപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുമ്പോൾ ഇന്ത്യൻ വംശജരായ അമേരിക്കൻസിലൂടെ ഈ വെല്ലുവിളി ഇല്ലാതാക്കാനാണ് ട്രംപിന്റെ ശ്രമമെന്നും മാദ്ധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. അതേസമയം ലോകത്തിലെ വലിയ ജനാധിപത്യരാജ്യങ്ങളുടെ തലവൻമാർ ഇത്തരത്തിൽ ഒരുമിക്കുന്നതിലൂടെ ഏഷ്യയിൽ പ്രാതിനിധ്യം നേടാനുള്ള ചൈനയുടെ അവസരം ഇല്ലാതാക്കുകയാണെന്ന് വാൾസ്ട്രീറ്റ് ജേണൽ പറയുന്നു.