marad-flat-case-

ന്യൂഡൽഹി : മരട് ഫ്ലാറ്റ് കേസിൽ കേരള സർ‌ക്കാരിന്റെ വാദങ്ങൾ സുപ്രിംകോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചാൽ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന സർക്കാരിന്റെ റിപ്പോർട്ടിനെയും കോടതി വിമർശിച്ചു. കെട്ടിടം പൊളിക്കാൻ സർക്കാരിന് വ്യക്തമായ പദ്ധതി ഇല്ലെന്ന് കോടതി നീരീക്ഷിച്ചു.

നേരത്തെ കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസുമില്ലെന്ന് ജസ്​റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാണ്. കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒ​റ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്ന് സഹായം നൽകി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്ന് ജസ്​റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്.

ഫ്ളാ​റ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കിൽ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ലെന്നും എന്ന് ജസ്​റ്റിസ് അരുൺ മിശ്ര വിമർശിച്ചു.

ഇന്ന് തന്നെ കേസിൽ ഉത്തരവിറക്കാനാണ് ജസ്​റ്റിസ് അരുൺ മിശ്രതീരുമാനിച്ചത്. എന്നാൽ ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാ​റ്റണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ച് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്​റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.