terrorists

ശ്രീനഗർ: ബി.ജെ.പി നേതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയതടക്കം നാല് ഭീകരവാദ കേസുകളിൽ പ്രതികളായ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ ജമ്മു കാശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. നിസാർ അഹ്മ്മദ് ഷേഖ്, നിഷാദ് അഹ്മ്മദ്, ആസാദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. 2018 നവംബറിലാണ് ബി.ജെ.പി നേതാവായ അനിൽ പരിഹറിനേയും അദ്ദേഹത്തിന്റെ സഹോദരൻ അജിത് പരിഹറിനേയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ആർ.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മ, ബോഡി ഗാർഡ് രജീന്ദർ കുമാർ എന്നിവരുടെ കൊലപാതകത്തിലും മൂവർക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജമ്മു കശ്മീരിലെ കിഷ്‌ത്‌വാർ, റംബാൻ, ദോഡ ജില്ലകൾ ഉൾപ്പെട്ട ചേനാബ് താഴ്‌വരയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനാണ് ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരർ ശ്രമിക്കുന്നതെന്ന് ജമ്മു ഐ.ജി മുകേഷ് സിംഗ് പറഞ്ഞു. ഭീകരാക്രമണങ്ങൾക്ക് മുമ്പും ശേഷവും നിസാറിന്റേയും ഹുസൈന്റേയും വീടുകൾ ഒളിത്താവളങ്ങളായും ഉപയോഗിച്ചിരുന്നെന്നും റെയ്ഡ‌് നടത്തിയപ്പോൾ ഇവിടെ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.

പഴയ ഹിസ്‌ബുൾ ഭീകരരിൽ പ്രധാനിയും ഇപ്പോഴും ഇത് തുടരുന്നയാളുമായ ജെഹാംഗീർ സരൂരിയാണ് ആക്രമണങ്ങൾക്ക് പിന്ന്ലെ ബുദ്ധികേന്ദ്രമെന്നാണ്സൂചന. സരൂരിയും ദോഡ സ്വദേശി ഹറൂൺ, ഒസാമ, സഹീദ് നിസാർ അഹമ്മദ് ഷെയ്‌ഖ്, നിഷാദ് അഹമ്മദ്, ആസാദ് ഹുസൈൻ എന്നിവരും ചേർന്ന് ആദ്യം ബി.ജെ.പി നേതാവ് അനിൽ പരിഹാറിനേയും സഹോദരനേയുമാണ് കൊലപ്പെടുത്തിയത്. ഈ സംഘത്തിൽ കിഷ്‌ത്‌വാർ സ്വദേശിയായ രുഷ്‌തം എന്നയാളും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന അക്രമങ്ങൾക്ക് മുൻപും ശേഷവും ഭീകരർക്ക് താമസിക്കാനുള്ള ഇടം സജ്ജീകരിച്ചത് ഇയാളാണെന്നും ശേഷിച്ചവരെയും ഉടൻ പിടികൂടുമെന്നും ഐ.ജി വ്യക്തമാക്കി.