കോഴിക്കോട് :സ്മാർട്ട് ഫോണുകളും ഡാറ്റാ സേവനങ്ങളും കുറഞ്ഞനിരക്കിൽ ലഭ്യമായിത്തുടങ്ങിയതോടെ ഇവയുടെ ദുരുപയോഗവും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളിലും വർദ്ധനയുണ്ടായിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബർ വിഭാഗം മുന്നറിയിപ്പ് തരുന്നു
നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കൽ, ബ്ലാക്ക് മെയിലിംഗ് മുതൽ ബാങ്ക് തട്ടിപ്പ് വരെയുള്ള സൈബർകുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതായാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ നഗരത്തിൽ അരങ്ങേറിയ ഒരു സൈബർ കേസിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പൊലീസ്.
നഗരത്തിലെ ഒരു വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനു വാട്സാപ് വഴി ലഭിച്ചതാണ് കേസിന് പിന്നിൽ. കിടപ്പുമുറിയിൽ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യമാണ് ലഭിച്ചത്.എന്നാൽ ആരാണ് ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയതെന്ന് കണ്ടുപിടിക്കാൻസാധിച്ചില്ല. പുറത്തു നിന്നുള്ളവർ ആരും വീട്ടിലെ മുറിയിൽ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും ഉറപ്പിച്ചു പറഞ്ഞു. തുടർന്നാണ് സൈബർ സെല്ലിൽ പരാതിയുമായെത്തിയത്.സൈബർ പൊലീസ് വിദേശത്തിരുന്ന് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരെ ഉടൻ തന്നെ കണ്ടെത്തി.
എങ്കിലും രഹസ്യകാമറ മുറിയിൽ ഒളിപ്പിച്ചത് ആരെന്ന കാര്യത്തിൽ മാത്രം അന്വേഷണം ഫലം കണ്ടില്ല. അന്വേഷണം തുടർന്നാണ് വീഡിയോ ദൃശ്യം പരിശോധിച്ച് മുറിയിൽ കാമറ ഇരിക്കുന്ന ഭാഗവും കാമറയുടെ ആംഗിളും പൊലീസ് പരിശോധിച്ചത്. അപ്പോഴാണ് യഥാർത്ഥ കുറ്റവാളിയെ കണ്ടത്തിയത്. ആളെക്കണ്ട് വീട്ടുകാർ മാത്രമല്ല, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ഞെട്ടി.കിടപ്പുമുറിയിലെ ചുമരിൽ സ്ഥാപിച്ച ടിവിയാണ് വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചത്.
ഭർത്താവ് വിദേശത്തുനിന്ന് അവധിക്കു വന്നപ്പോൾ മുറിയിലെ എൽ.ഇ.ഡി ടിവി മാറ്റി ആൻഡ്രോയ്ഡ് സ്മാർട്ട് ടിവി സ്ഥാപിച്ചിരുന്നു ഇതിൽ ലോഗിൻ ചെയ്ത് സ്‌കൈപ് വഴി വീഡിയോ കോൾ ചെയ്തിട്ടുമുണ്ട്. ടിവിയുടെ സ്‌ക്രീൻ ഓഫ് ആയിരുന്നുവെങ്കിലും ക്യാമറ പ്രവർത്തിച്ചിരുന്നത് വീട്ടമ്മയോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല. വീട്ടമ്മയുടെ ഭർത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടർ ഹാക്ക് ചെയ്തവർക്കാണ് ടിവി റെക്കോർഡ് ചെയ്ത നഗ്നദൃശ്യങ്ങൾ ലഭിച്ചത്.
നിലവിൽ ഓൺലൈൻ സംവിധാനമുള്ള പല ഉപകരണങ്ങളും ഓഫ് ചെയ്തുകഴിഞ്ഞാൽ പ്ലഗ് ഊരിയ ശേഷം ബാറ്ററിയുണ്ടെങ്കിൽ അതും അഴിച്ചുമാറ്റിയിടേണ്ട അവസ്ഥയാണെന്ന് സൈബർ വിദഗ്ധർ പറയുന്നു. കംപ്യൂട്ടറും ടിവിയുമൊക്കെ കർട്ടൻ ഇട്ടു മൂടേണ്ട കാലം ഉടൻ വരുമെന്ന ഭീതിയിലാണ് പൊലീസുകാർ. ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്താലും ഒരാൾ ഏതൊക്കെ സ്ഥലത്തുപോയി, എവിടെ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയ വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇത്തരം അഭിരുചികൾ തിരിച്ചറിഞ്ഞ് സമൂഹമാധ്യമങ്ങൾ വഴി പരസ്യങ്ങൾ ഫോണിലേക്ക് തേടിയെത്തുമെന്നും സൈബർ വിദഗ്ധർ പറയുന്നു.