പള്ളുരുത്തി : കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തേവാസികളായ വൃദ്ധയെയും മകളെയും ക്രൂരമായി മർദ്ദിച്ചതിന് സൂപ്രണ്ട് അൻവൻ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയ മാനസികവൈകല്യമുള്ള മകളെ വീട്ടുജോലിക്ക് കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് അറുപത്തിയെട്ടുകാരിയായ കാർത്ത്യായിനിയെ വെള്ളം നനയ്ക്കുന്ന കട്ടിയുള്ള ഹോസ് ഉപയോഗിച്ച് സൂപ്രണ്ട് മർദ്ദിച്ച് അവശയാക്കിയത്. തടയാൻ ശ്രമിച്ച മകൾ രാധാമണിയെയും (38) ക്രൂരമായി മർദ്ദിച്ചു. മകൾ രാധാമണിയെ സൂപ്രണ്ട് കാർത്ത്യായനിയോട് ചോദിക്കാതെ ഇയാളുടെ തിരുവനന്തപുരത്തെ വീട്ടിൽ ജോലിക്ക് നിറുത്തിയിരുന്നു. ഇതിന് കോർപ്പറേഷൻ അധികാരികളുടെ അനുമതി വാങ്ങിയിരുന്നില്ല. രാധാമണിയുടെ എ.ടി.എം കാർഡും ബാങ്ക് പാസ് ബുക്കും സൂപ്രണ്ട് കൈവശപ്പെടുത്തി പണം പിൻവലിച്ചതായി കാർത്ത്യായിനി പരാതിയിൽ പറയുന്നു. രണ്ട് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നു. തിരിച്ചെത്തിയ രാധാമണിയുമായി കാർത്ത്യായിനി ഇന്നലെ രാവിലെ സൂപ്രണ്ടിനോട് വിവരങ്ങൾ അന്വേഷിക്കാൻ എത്തിയപ്പോഴാണ് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്. മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതാേടെ ജില്ലാ കളക്ടർ എസ്.സുഹാസ് പള്ളുരുത്തി സി.ഐയോട് റിപ്പോർട്ട് തേടി. തുടർന്ന് മർദ്ദനം, പണാപഹരണം എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി സി.ഐ. ജോയ് മാത്യു സൂപ്രണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഗതി മന്ദിരത്തിലെ ജീവനക്കാരനാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ ഇട്ടതെന്ന് പറയപ്പെടുന്നു. അൻവർ ഹുസൈൻ ചുമതലയേറ്റിട്ട് ഒരുവർഷമായിട്ടില്ല. അന്തേവാസികളോടും സഹപ്രവർത്തകരോടും ഇയാൾ മോശമായി പെരുമാറുന്നതായി ആക്ഷേപമുണ്ടായിരുന്നു. വീട്ടുജോലിക്ക് നിറുത്തുന്നതിന് സൂപ്രണ്ടിനെതിരെ കഴിഞ്ഞ 12 ന് രാധാമണി കൊച്ചി മേയർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. 115 പുരുഷൻമാരും 35 സ്ത്രീകളുമാണ് പള്ളുരുത്തി അഗതിമന്ദിരത്തിൽ താമസിക്കുന്നത്.