കോട്ടയം: ടൊവിനോ ചിത്രം തീവണ്ടിയിലെ ഹിറ്റ് ഗാനം 'ജീവാംശമായി' മലയാളി സിനിമാസ്വാദകരുടെ മനം കവർന്നതാണ്. ഗാനം ഹിറ്റായതിന് പിറകെ നിരവധി കവർ വീഡിയോകൾ യുടൂബിലും ഫേസ്ബുക്കിലും വന്നിരുന്നു. അവയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് നർത്തകിയായ അഞ്ജലി ഹരിയുടെ കവർ ഡാൻസായിരുന്നു. ഇപ്പോഴിതാ ടൊവിനോയും സംയുക്താ മേനോനും വീണ്ടും ഒന്നിക്കുന്ന എടയ്ക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ 'നീ ഹിമമഴയായ് വരൂ' എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചും കഴിഞ്ഞു. തീവണ്ടിയിലെ ഹിറ്റ് ഗാനം സംവിധാനം ചെയ്ത കൈലാസ് മേനോന്‍ തന്നെയാണ് പുതിയ ഗാനവുമൊരിക്കിയിരിക്കുന്നത്. കെ എസ് ഹരിശങ്കറും നിത്യാമാമ്മനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. 'ജീവാംശമായ്' കവർ എങ്ങനെ ഹൃദ്യമാക്കിയോ അത് പോലെ 'ഹിമമഴയും' സുന്ദരമാക്കുകയാണ് തന്റെ പുതിയ കവർ വീഡിയോയിലൂടെ അഞ്ജലി.
ക്ളാസിക്കൽ നൃത്താവിഷ്കാരമാണ് കവർ വീഡിയോയിൽ അഞ്ജലി അവതരിപ്പിച്ചിരിക്കുന്നത്. അന്ന് ഇരു കൈയും നീട്ടി സ്വീകരിച്ച സോഷ്യൽ മീഡിയ ഇത്തവണയും അഞ്ജലിക്ക് പിന്തുണയുമായെത്തി.
കുമരകം ഹെറിട്ടേജ് റിസോർട്ടിൽ വെച്ചാണ് കവർ ഡാൻസ് ചിത്രീകരിച്ചിരിക്കുന്നത്. കോട്ടയം പുതുപ്പള്ളിയില്‍ കലാകളരി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് അഞ്ജലി. ജീവാംശമായ് കവർ ഡാൻസ് തന്റെ വിദ്യാർത്ഥികളുടെ നടത്തിയ ഒരു പരീക്ഷണമായിരുന്നു എന്നാണ് അഞ്ജലി പറയുന്നത്. അത് വൻ വിജയമായതോടെ പുതിയ ഗാനത്തിന് കവർ ഡാൻസ് ഒരുക്കുകയായിരുന്നു. വിവിധ പ്രായത്തിലുള്ള നാനൂറിലധികം വിദ്യാർത്ഥികളുള്ള അഞ്ജലി കോട്ടയത്തെ പള്ളിക്കൂടം എന്ന സ്കൂളിലെ നൃത്ത അധ്യാപിക കൂടിയാണ്.
ടൊവിനോ പട്ടാളക്കാരനായി എത്തുന്ന എടയ്ക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സ്വപ്നേഷ് നായരാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് പി ബാലചന്ദ്രനാണ്. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.