case-diary-

മലപ്പുറം: കൊളത്തൂരിലെ മതപഠനകേന്ദ്രത്തിൽ 17കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെ അറസ്​റ്റ് ചെയ്തു. കോഡൂർ സ്വദേശി മുഹമ്മദ് റഫീഖാണ് (34) അറസ്​റ്റിലായത്. 17കാരിയെ പീഡിപ്പിച്ചതായി ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. ചൈൽഡ് ലൈൻ അധികൃതർ കൊളത്തൂർ പൊലീസിലറിയിച്ചതോടെ പ്രതിയെ അറസ്​റ്റ് ചെയ്യുകയായിരുന്നു.


മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനി പീഡനത്തിനിരയായതിനെത്തുടർന്ന് ഇവിടുത്തെ മ​റ്റ് പെൺകുട്ടികളെ ഷെൽട്ടർ ഹോമിലേക്ക് മാ​റ്റി. പീഡനത്തിനിരയായ കുട്ടി വീട്ടുകാർക്കൊപ്പമാണിപ്പോൾ. രക്ഷിതാക്കളെത്തുന്നത് വരെ മ​റ്റ് 11 പേർ കേന്ദ്രത്തിൽ തങ്ങുക സുരക്ഷിതമല്ലാത്തതിനാൽ ചൈൽഡ് പ്രവർത്തകർ ഇവരെ ചൈൽഡ് വെൽഫെയർ കമ്മി​റ്റിക്ക് മുമ്പാകെ ഹാജരാക്കി.

മൊഴിയെടുത്ത ശേഷം ഷെൽട്ടർ ഹോമിലേക്കയയ്ക്കുകയായിരുന്നു. ചൂഷണത്തിനിരയായതായി ഇവർ മൊഴി നൽകിയിട്ടില്ലെന്നാണ് സൂചന. മലപ്പുറത്തിന് പുറമെ പാലക്കാട്, എറണാകുളം, കണ്ണൂർ ജില്ലകളിലെയും മംഗലാപുരത്തെയും വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാവരും 18 വയസിന് താഴെയുള്ളവരാണ്.