dog

മാവേലിക്കര: അജിത് കുമാറിൽ നിറഞ്ഞുനിന്ന ക്രിമിനൽ സ്വഭാവത്തിന്റെ ഏതോ ഒരു കോണിൽ അവശേഷിച്ച നായസ്നേഹം, ഒടുവിൽ ആ നായയ്ക്കൊപ്പം ട്രെയിനിനു മുന്നിൽ അവസാനിച്ചു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെട്ടികുളങ്ങര ഈരേഴ വടക്ക് ഇടയിലേകിഴക്കതിൽ അജിത്കുമാറിനെ (ചെത്തിമൂക്കൻ- 43) ഇന്നലെ പുന്നമൂട് പോനകം ഭാഗത്ത് ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, തൊട്ടടുത്തുണ്ടായിരുന്നു താൻ ഏറെ സ്നേഹിച്ചിരുന്ന നായയുടെ മൃതദേഹം ഛിന്നഭിന്നമായ നിലയിൽ. നായയുമായി ഇയാൾ ട്രെയിനു മുന്നിൽ ചാടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

കൊലപാതക ശ്രമം, അടിപിടി, ഭവനഭേദനം, അബ്കാരി കേസുകളിൽ പ്രതിയാണ് അജിത് കുമാർ. ചാരായം നിരോധിച്ചപ്പോൾ ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് വാറ്റ് ആരംഭിച്ച ഇയാളെ നിരവധി തവണ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഇതു മടുത്തോടെ ഗുണ്ടാ പ്രവർത്തനമായി. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. കേസുകൾ കുമിഞ്ഞുകൂടിയതോടെ നല്ല നടപ്പിനായി പൊലീസ് താക്കീത് ചെയ്തു വിട്ടു. ശേഷം കേസുകളിലൊന്നും പെടാതെ കഴിയുകയായിരുന്നു.

അജിത് കുമാർ നായ്ക്കളെ ഏറെ സ്നേഹിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 'അൽസഷൻ' ഇനത്തിൽപ്പെട്ട നായയാണ് വീട്ടിലുണ്ടായിരുന്നത്. ഇതുമായി ബൈക്കിൽ

പോകുന്നതും പതിവായിരുന്നു. എവിടെനിന്നോ വാങ്ങിക്കൊണ്ടുവന്ന നായയായിരുന്നു ഇത്. ഇരുവരും തമ്മിൽ വലിയ സ്നേഹത്തിലായിരുന്നെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെയാവാം പ്രിയപ്പെട്ട നായയെ തന്റെ മരണത്തിലും കൂടെക്കൂട്ടാൻ അജിത് കുമാർ തീരുമാനിച്ചതെന്ന് കരുതുന്നു. അവിവാഹിതനാണ്. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ശല്യം സഹിക്കാതായപ്പോൾ അമ്മ മാവേലിക്കര പൊലീസിൽ പരാതി നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്.