ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ ലൗ ജിഹാദിന്റെ പിടിയിലെന്ന് ന്യൂനപക്ഷ കമ്മിഷൻ. കോഴിക്കോട്ട് ക്രിസ്ത്യൻ പെൺകുട്ടിയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി നിർബന്ധിത പരിവർത്തനത്തിന് ശ്രമിച്ച സംഭവത്തിലാണ് ന്യൂനപക്ഷ കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. 'കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികള്‍ ലൗ ജിഹാദിന്റെ പിടിയിലാണ്. ഇവരെ എളുപ്പത്തിൽ ഇരകളാക്കാൻ സാധിക്കുന്നുവെന്നാണ് വർദ്ധിച്ചുവരുന്ന മതപരിവർത്തന ശ്രമങ്ങൾ തെളിയിക്കുന്നതെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
കോഴിക്കോട്ടും ഡൽഹിയിലും ക്രിസ്ത്യൻ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ജോർജ് കുര്യന്റെ പ്രതികരണം. കോഴിക്കോട്ടുള്ള വിദ്യാർത്ഥിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി മതം മാറാൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. കേരളത്തിൽ നിന്നും ആദ്യം ഐസിസിൽ ചേർന്ന 21 പേരില്‍ അഞ്ച് പേർ മതംമാറ്റത്തിന് ഇരകളായ ക്രിസ്ത്യാനികളാണെന്നും ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പറഞ്ഞു.
2005 മുതൽ 2012 വരെ നാലായിരത്തോളം ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റിയതായി കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ്. സംഭവം ഗൗരവത്തടെ കണ്ട് അന്വേഷണം നടത്തണത്താൻ എൻ.ഐ.എയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.