മുംബയ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് ആപ്തെ മുംബയ്യിൽ നിര്യാതനായി. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബയ്യിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. സച്ചിൻ ടെൻഡുൽക്കറെ കൈപിടിച്ചുയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ആളാണ്.
1952 - 53 കാലഘട്ടത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഏഴ് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ പോർട്ട് ഒഫ് സ്പെയിനിൽ പുറത്താകാതെ 163 റൺസ് നേടി ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ച ഇന്നിംഗ്സായിരുന്നു ശ്രദ്ധേയം.
1952ൽ നാഗ്പൂരിൽ പാകിസ്ഥാനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 17 വർഷം നീണ്ട ഫസ്റ്റ് ക്ളാസ് കരിയറിൽ 67 മത്സരങ്ങൾ കളിച്ചു. ആറ് സെഞ്ച്വറികളും 16 അർദ്ധ സെഞ്ച്വറികളുമടക്കം 3336 റൺസ് നേടിയിട്ടുണ്ട്.
വിരമിച്ചതിനു ശേഷം മുംബയ്യിലെ ക്രിക്കറ്റ് ക്ളബ് ഒഫ് ഇന്ത്യയുടെ പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ചു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. ആപ്തെയാണ് 14കാരനായ സച്ചിനെ ക്രിക്കറ്റ് ക്ളബ് ഒഫ് ഇന്ത്യയിലേക്കും മുംബയ് രഞ്ജി ടീമിലേക്കുമൊക്കെ കൈപിടിച്ചുയർത്താൻ മുന്നിട്ടു നിന്നത്. ശിവജി പാർക്കിൽ രാജ്സിംഗ് ദുഗാർപൂറിനൊപ്പം കളി കാണാൻ ആപ്തെ എത്തിയതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് സച്ചിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിനോദ് കാംബ്ളി, മുഹമ്മദ് കൈഫ്, വസീം ജാസർ തുടങ്ങിയവർ ആപ്തെയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.