അമിതിനും കൗശിക്കിനും
മന്ത്രിയുടെ ആദരം
ന്യൂഡൽഹി : റഷ്യയിലെ ഏകാതറിൻ ബർഗിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അമിത് പംഘലിനെയും വെങ്കലം നേടിയ മനീഷ് കൗശിക്കിനെയും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ആദരിച്ചു. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ പുരുഷ താരമായ അമിതിന് 14 ലക്ഷം രൂപയും മനീഷിന് എട്ടുലക്ഷം രൂപയും കാഷ് അവാർഡും മന്ത്രി സമ്മാനിച്ചു.
സിന്ധു കൊറിയൻ ഓപ്പണിന്
ഇഞ്ചിയോൺ : ലോക ചാമ്പ്യനായ ശേഷം നടന്ന ചൈന ഓപ്പണിൽ രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട ഇന്ത്യൻ വനിതാ താരം പി.വി. സിന്ധു കിരീടം തേടി കൊറിയ ഓപ്പണിനിറങ്ങുന്നു. 2017ൽ കൊറിയ ഓപ്പൺ നേടിയിരുന്ന സിന്ധുവിന് ഇത്തവണ ഇവിടെ ആദ്യ റൗണ്ടിൽ നേരിടേണ്ടത് അമേരിക്കൻ താരം ബെയ്വെൻ ഷാംഗിനെയാണ്. മറ്റൊരു ഇന്ത്യൻ താരം സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ കൊറിയൻ താരം കിം ഗാ ഇയാന്നിനെ നേരിടും. ചൈനാ ഓപ്പണിൽ സൈന ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. സായ് പ്രണീത്, പി. കാശ്യപ് തുടങ്ങിയവരും കൊറിയൻ ഓപ്പണിൽ കളിക്കുന്നുണ്ട്.
ആദ്യ വനിതാ ട്വന്റി-20 ഇന്ന്
സൂററ്റ് : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ ആദ്യ വനിതാ ട്വന്റി-20 ക്രിക്കറ്റിനു ഇന്ന് തുടക്കമാകും. സൂററ്റിലാണ് മത്സരം.
ഇന്ത്യയ്ക്ക് സമനില
കാഠ്മണ്ഡു : സാഫ് അണ്ടർ 18 ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ളാദേശിനോട് ഗോൾ രഹിത സമനില വഴങ്ങി. നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.