ന്യൂയോർക്ക്: ഇനി സംസാരിച്ച് നേരം കളയാനില്ല, പരിസ്ഥിതി സംരക്ഷണത്തിനായി ലോകം ഉണർന്ന് പ്രവർത്തിക്കണം. അതിന് ദിശകാണിക്കാനുള്ള പ്രവർത്തനത്തിന് ഇന്ത്യ തുടക്കം കുറിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന 74-ാമത് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യ ഇന്നിവിടെ എത്തിയിരിക്കുന്നത് പരിസ്ഥിതി വിഷയങ്ങളുടെ ഗൗരവത്തെക്കുറിച്ച് പറയാനല്ല, മറിച്ച് അവ പരിഹരിക്കാനുള്ള പ്രായോഗിക രീതിയെക്കുറിച്ച് സംസാരിക്കാനാണ്. കൃത്യമായ ദിശകാട്ടാനാണ്. ഒരു ടൺ പ്രസംഗത്തെക്കാൾ ഒരൗൺസ് പ്രയോഗത്തിനാണ് പ്രാധാന്യം കൂടുതലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും മോദി ഓർമ്മിപ്പിച്ചു.
മനോഹരമായ പ്രഭാഷണങ്ങളെക്കാൾ പ്രായോഗിക പദ്ധതികൾക്കാണ് ലോകനേതാക്കൾ ഊന്നൽ നൽകേണ്ടതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ആമുഖ സംഭാഷണത്തിൽ പറഞ്ഞിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര ഭവിഷ്യത്തുകളെ പ്രതിരോധിക്കാൻ ലോകം കാര്യമായൊന്നും ചെയ്യുന്നില്ല. ഈ വിഷയത്തിൽ ആഗോളതലത്തിലെ മനോഭാവത്തിൽ മാറ്റമുണ്ടാവണം.ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ തടയാനായി നിലവിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ സൗരോർജ പാനലുകളുടെ പ്രചാരണത്തിനായി 80 രാജ്യങ്ങൾ ഇന്ത്യയുടെ നേതൃത്വത്തിൽ അണിനിരന്നിട്ടുണ്ട്. വായുമലിനീകരണം മൂലമുള്ള മരണം ഉൾപ്പെടെയുള്ള ഭവിഷ്യത്തുകൾ ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ്. ഗതാഗതസംവിധാനങ്ങൾ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കും. ഇന്ത്യയുടെ ഇക്കഴിഞ്ഞ സ്വാതന്ത്ര ദിനത്തിലാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നു രാജ്യത്തിന് മോചനം വേണമെന്ന് തീരുമാനിക്കുന്നത്. ഈ സംരംഭം ആഗോള തലത്തിൽ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾക്കെതിരെ അവബോധം സൃഷ്ടിക്കും. വിദ്യാഭ്യാസ മൂല്യങ്ങളിലൂടെയും ജീവിതശൈലീ മാറ്റത്തിലൂടെയും പരിസ്ഥിതിക്ക് അനുയോജ്യമായ മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കണമെന്നും മോദി പറഞ്ഞു.
കാർബൺ കുറഞ്ഞ പാതകൾ
സ്വീഡൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് വ്യവസായ മേഖലയിൽ കാർബൺ കുറഞ്ഞ പാതകൾ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു. പൊതു,സ്വകാര്യ വ്യവസായമേഖലയുടെ സഹകരണത്തോടെയാണിത്.
പ്രകൃതിദുരന്തങ്ങളെ നേരിടാനുതകുന്ന, പരിസ്ഥിതി സൗഹാർദ്ദമായ നിർമ്മാണരീതി അവലംബിക്കും. ഇതിന് മന്ത്രിസഭ അംഗീകാരം നൽകി 480 കോടി വകയിരുത്തി. ഇതിന് സാങ്കേതികസഹായം ഉറപ്പാക്കാൻ യു.കെ, ആസ്ട്രേലിയ, ഫിജി, മാലിദ്വീപ് എന്നിവയുമായി സഹകരിക്കുമെന്നും മോദി പറഞ്ഞു.