poem-

പ്രണയാപഹരണം (കവിത)​


അതിക്രൂരമായി
പ്രണയിക്കപ്പെടുകയെന്നാൽ
ഒരു കൊടുങ്കാറ്റിന്റെ വേഗതയിലവളെ
തന്നിലേക്കടുപ്പിക്കുകയെന്നതാവാം..
ഒരായുസിനെ വെട്ടിച്ചുരുക്കി
ഒരൊറ്റ ചുംബനത്തിന്റെ
ദൈർഘ്യത്തിലേക്കൊതുക്കി
വയ്ക്കുകയെന്നതാവാം..
അല്ലെങ്കിൽ
മറുവാക്കിനൊരിടം പോലും
കൊടുക്കാതെയവളെ
ചുറ്റിവരിയുകയെന്നതുമാവാം..
തിരമാലപോലുയർന്ന്
ഉടൽശിലയാകെ ഉലച്ചുകളയുന്നതാവാം.
പ്രണയദംശനമേറ്റവൾ
നീലിച്ചുപോകുവോളം
മനസാസകലം ആഞ്ഞാഞ്ഞു കൊത്തുന്നതുമാവാം.
ഓരോ നേരങ്ങളും നിന്നിലേക്കാണ്ടുപോകുംവിധം
വാക്കിന്റെ നീർച്ചുഴികൾ തീർക്കുന്നതാവാം.
ഒരിമ ചിമ്മലിന്റെ വേഗതയിലവളെ
നിന്റെ ഭ്രാന്തുകളുടെ ആഴത്തിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നതുമാവാം..
അല്ല, ഇതൊന്നുമല്ല..
അതിക്രൂരമായൊരുവളെ
പ്രണയിക്കുകയെന്നാൽ,
ഋതുഭേദങ്ങളൊന്നുമില്ലാതെ
പ്രണയമെന്ന
ഒരൊറ്റ ഋതുവിലേക്കവളെ
ഒളിച്ചു കടത്തുന്നത് തന്നെയാവണം..
മണ്ണ് മരങ്ങൾ കിളികൾ പുഴകൾ
എന്നുവേണ്ട
ഭൂമിയിലെ നിന്റെയിടങ്ങളെയൊക്കെയും
അവളിലേക്ക് പറിച്ചുനടും പോലെയോ ,
നിന്നോളം, അവളോളം, ഏറുമ്പോളം
ചുരുങ്ങി ചുരുങ്ങി
എപ്പോഴുമെപ്പോഴും അവളിലേക്കുള്ള
വഴികൾ തേടുകയെന്നപോലെയോ ആവാം..
എന്തുമാകട്ടെ,
അതിക്രൂരമായി പ്രണയിക്കപ്പെടുകയെന്നാൽ
ജന്മജന്മാന്തരങ്ങളിലേക്കായി
കരുതിവച്ചതൊക്കെയും
ഒരൊറ്റനിമിഷം കൊണ്ടൊരാളാൽ
കൊള്ളയടിക്കപ്പെടുന്നത് തന്നെയാണ്