തിരുവനന്തപുരം: ആ തലയെടുപ്പ്, വലിപ്പച്ചെറുപ്പമില്ലാത്ത ചിരി, മലയാളത്തിന്റെ തലയെടുപ്പ് എന്ന് അന്നും ഇന്നും വിശേഷിപ്പിക്കാൻ ഒരു നടനേ ഉള്ളൂ. അത് മധുവാണ്. തലസ്ഥാനത്തിന്റെ അഭിമാനവും അഹങ്കാരവുമൊക്കെയായ മധു. 86-ാമത് പിറന്നാളാഘോഷിക്കാനായി പ്രസ് ക്ളബ് ഒരുക്കിയ വേദിയിലേക്ക് നടന്നു വന്നപ്പോൾ പശ്ചാത്തലത്തിൽ ഒരു ഗാനം മുഴങ്ങി.
''എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ
എന്റെ നാട്ടിലെനിക്കും വേറെ രാജാക്കളില്ലാ...""
മധുവിന്റെ മുഖത്ത് നരച്ച മുഖരോമങ്ങൾക്കിടയിൽ ഒരു ചിരിവിടർന്നു. മധു അഭിനയിച്ച വേനലിൽ ഒരു മഴ എന്ന ചിത്രത്തിലെ ഗാനമായതുകൊണ്ടു മാത്രമായിരുന്നില്ല ഇത്ര ആസ്വദിച്ച് ചിരിച്ചത്. ഒപ്പം ശ്രീകുമാരൻ തമ്പി ഉണ്ടായിരുന്നതു കൊണ്ടു കൂടിയാണ്. 'വേനലിൽ ഒരു മഴ" സംവിധാനം ചെയ്തതും ആ ഗാനം എഴുതിയതും തമ്പി സാറായിരുന്നു. അടുത്ത ഗാനവും തമ്പി സാറിന്റെ തൂലികയിൽ നിന്നും പിറന്നതായിരുന്നു. 'ജയിക്കാനായി ജനിച്ചവൻ ഞാൻ..."
പിന്നിട്ട പിറന്നാളുകളെല്ലാം മധു ആഘോഷിച്ചിട്ടില്ല. അതിൽ നിന്നെല്ലാം വ്യത്യസ്തമായി തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകരുടെ ക്ഷണം വളരെ സന്തോഷത്തോടെ സ്വീകരിച്ചാണ് എല്ലാവരുടെയും മധുസാർ ഇന്നലെ എത്തിയത്.
വേദിയിൽ ഇരിപ്പിടം ശ്രീകുമാരൻ തമ്പിക്കും അടൂർ ഗോപാലകൃഷ്ണന്റെയും നടുവിൽ. 30 സിനിമകളൊരുക്കിയ ശ്രീകുമാരൻ തമ്പിയുടെ 11 ചിത്രങ്ങളിലും മധുവുണ്ടായിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ കന്നിച്ചിത്രമായ സ്വയംവരത്തിൽ നായകനായതും മധുവാണ്.
'മധു മധുരം തിരുമധുരം" എന്ന പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു പിറന്നാൾ ആഘോഷം. അപൂർവമായ ഒത്തുചേരലും ആഘോഷവുമാണിതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സത്യനും പ്രേംനസീറും സൂപ്പർതാരങ്ങളായി നിൽക്കുന്ന കാലത്താണ് മധു സിനിമയിൽ എത്തുന്നത്. അന്ന് പുതിയ സംവിധായകർ സിനിമയെടുക്കുന്നതിനായി സമീപിക്കുന്നത് മധുവിന്റെ അടുത്തായിരുന്നു. എല്ലാവരോടും ഒരുപോലെ പെരുമാറാൻ അദ്ദേഹത്തിനറിയാമായിരുന്നു. ഇത്ര പ്രതിഫലം കിട്ടിയാലെ അഭിനയിക്കാൻ വരൂ എന്നാരോടും പറയാറില്ല. പ്രതിഫലം കൊടുക്കാതെയും ചിലരൊക്കെ അഭിനയിപ്പിച്ചിട്ടുണ്ട്- അടൂർ പറഞ്ഞു.
തന്റെ വല്യേട്ടനാണ് മധുസാറെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. സെൽഫി പബ്ലിസിറ്റിക്കു വേണ്ടി ഒന്നും ചെയ്യാത്ത നടനാണ് മധു. ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാൻ സമീപിച്ചവരോട് അത് വേണ്ടെന്നു പറഞ്ഞയാളാണ് മധു. വ്യക്തിത്വവും കഴിവിൽ ആത്മവിശ്വാസവും ഉള്ളതുകൊണ്ടാണ് അങ്ങനെ നിലപാടെടുക്കാൻ സാധിച്ചത്. മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്ത പരിപാടിക്കൊടുവിൽ മധുവിനായി സ്നേഹോപഹാരങ്ങളുമായി സിനിമാ സാംസ്കാരിക രംഗങ്ങളിലുള്ള ധാരാളം പേരെത്തി. സദസിലുണ്ടായിരുന്നവർക്ക് ഒരു ആഗ്രഹം കൂടി ഒപ്പം നിന്നൊരു ഫോട്ടോ. ആയിക്കോ എന്ന് ചിരിച്ചുകൊണ്ട് മധു.