തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭയും രാജ്ഭവനും ക്ലിഫ് ഹൗസും കവടിയാർ കൊട്ടാരവും ഇന്ദിരാഭവനും എ.കെ.ജി സെന്ററുമടക്കം നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന കോർപറേഷനിലെ 24 വാർഡുകൾ അടങ്ങിയ വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ തലസ്ഥാന നഗരത്തിലെ തിരഞ്ഞെടുപ്പാണ്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉണർന്നുകഴിഞ്ഞു. പ്രധാന കക്ഷികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്ന ദിവസം ഉണ്ടായേക്കും. അതോടെ ഒരു മാസം തലസ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലമരും.
സെപ്തംബർ 21 മുതൽ മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞു. ഇതോടെ നഗരത്തിലെ പദ്ധതി വികസന പ്രവർത്തനങ്ങൾക്ക് താത്കാലിക മാന്ദ്യമാകും. കോർപറേഷൻ, ജില്ലാ ഭരണകൂട പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും പദ്ധതി നടത്തിപ്പും ഉദ്ഘാടനങ്ങളും നീളും. ഒക്ടോബർ 21 നാണ് തിരഞ്ഞെടുപ്പ്. 24ന് ഫലപ്രഖ്യാപനവും. വോട്ടെടുപ്പ് കഴിഞ്ഞാൽ ഇളവ് വരുമെങ്കിലും പെരുമാറ്റച്ചട്ടം മാറാൻ ഫലപ്രഖ്യാപനം കഴിയേണ്ടി വരും.
രാഷ്ട്രീയ ക്യാമ്പുകൾ സജീവം
പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ഒരു മാസത്തേക്ക് മാന്ദ്യകാലമാണെങ്കിലും രാഷ്ട്രീയ ക്യാമ്പുകൾ ഇലക്ഷൻ തീയതി പ്രഖ്യാപിച്ച നാൾ മുതൽ ഉണർന്നു കഴിഞ്ഞു. വളരെ കുറഞ്ഞ സമയം മാത്രമേ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ളൂ എന്നതിനാൽ വട്ടിയൂർക്കാവ് മണ്ഡലം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ക്യാമ്പുകൾ സജീവമാണ്. വോട്ടർ പട്ടികയിലെ കൂട്ടിക്കിഴിക്കലിലാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധ. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 1,95,239 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. രാഷ്ട്രീയ കാലാവസ്ഥയ്ക്കൊപ്പം സാമുദായിക വോട്ടുകളും നിർണായകമാകുന്ന മണ്ഡലത്തിൽ അതുകൂടി ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് മുന്നണികൾ ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥികളായി നിരവധി പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അന്തിമ പേര് വൈകാതെ പുറത്തു വന്നേക്കുമെന്നതിനാൽ ആവേശക്കൊടുമുടിയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
സ്മാർട്ട് സിറ്റിയും കേന്ദ്രാവിഷ്കൃത പദ്ധതികളും നീളും
നഗരത്തിന്റെ സ്വപ്ന പദ്ധതിയായ സ്മാർട്ട് സിറ്റിയുടെ ഭാഗമായി 100 വാർഡുകളിലും നടക്കുന്ന പ്രവർത്തനങ്ങൾ നീളും. മഴക്കെടുതിയും, തുടർച്ചയായ ഓണാവധിയും കാരണം മന്ദഗതിയിലായിരുന്ന പദ്ധതി ഇലക്ഷൻ പ്രഖ്യാപനത്തോടെ വീണ്ടും ഇഴയും.
കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്ക്, ഗാന്ധിപാർക്ക്, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ സജ്ജമാകുന്ന ഓപ്പൺ ജിം, നഗരസഭ, തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനൽ, ഗാന്ധിപാർക്ക് എന്നിവിടങ്ങളിലെ ഇൻഫർമേഷൻ കിയോസ്കുകൾ, നഗരസഭ ടോയ്ലറ്റുകളുടെ നവീകരണം, പുതിയ ടോയ്ലറ്റുകളുടെ നിർമ്മാണം, ബസ് ഷെൽട്ടറുകളുടെ നവീകരണവും നിർമ്മാണവും, അംഗൻവാടികളുടെ നവീകരണം, പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം, ശുദ്ധജല കിയോസ്കുകൾ തുടങ്ങിയ പദ്ധതികളാണ് സ്മാർട്ട് സിറ്റിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. ഇതിൽ പ്രവർത്തനം പകുതി വഴിയിലെത്തിയ പദ്ധതികളും ടെൻഡർ വിളിച്ചിട്ടുള്ളവയും രൂപരേഖ പ്രവർത്തനം നടക്കുന്നവയുമുണ്ട്. സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒരു മാസത്തേക്ക് നിലയ്ക്കും. പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പ്രഖ്യാപനവും നടക്കില്ല.
കേന്ദ്ര സർക്കാരുമായി ചേർന്ന് നഗരസഭയും ജില്ലാ പഞ്ചായത്തും നടത്തുന്ന പദ്ധതികളുടെ നടത്തിപ്പും പെരുമാറ്റച്ചട്ടം തീരുന്നതു വരെ മുടങ്ങും. കേന്ദ്ര സർക്കാരിന്റെ ദീനദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന നൂതന പദ്ധതികൾക്ക് നഗര പരിധിയിൽ നവംബർ വരെ മുടക്കമുണ്ടാകും.
കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കോർപറേഷൻ നേതൃത്വം നൽകുന്ന ശുചിത്വ പ്രവർത്തനങ്ങളും ടോയ്ലറ്റ് നിർമ്മാണവും മുടങ്ങും. നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും മറ്റ് ചെറുകിട പദ്ധതി നടത്തിപ്പിനെയും പെരുമാറ്റച്ചട്ടം ബാധിക്കും.