തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കാനെത്തുന്നവരുടെ കാര്യം പരമകഷ്ടം. മെഡിക്കൽ കോളേജിനൊപ്പം എസ്.എ.ടി ആശുപത്രിയിലും 'ഫ്ളാഷ് ടീം' കണ്ടത് നടുക്കുന്ന കാഴ്ചകൾ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വാക്കുകളിലൊതുങ്ങുന്ന ഇവിടെ രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്നത് വല്ലാത്ത ബുദ്ധിമുട്ടും. കഴിഞ്ഞ ദിവസം രാത്രി 'ഫ്ളാഷ് ടീം' ആശുപത്രി വളപ്പിൽ എത്തിയപ്പോൾ കണ്ടകാഴ്ചകളിലേക്ക്..
കൂട്ടിന് പട്ടിയും പെരുച്ചാഴിയും
പാർക്കിംഗ് ഷെഡിലും മരച്ചുവടുകളിലും മഴയും വെയിലുമേറ്ര് കഴിയാനാണ് സ്ത്രീകളുൾപ്പെട്ട കൂട്ടിരിപ്പുകാരുടെ വിധി. തെരുവുനായ്ക്കളും പെരുച്ചാഴിയുമുൾപ്പെടെ ക്ഷുദ്രജീവികൾക്കിടയിൽ പകർച്ചവ്യാധി ഭീഷണിയാണ് കൂട്ട്.
കാലങ്ങളായുള്ള ദുരിതത്തിന് പരിഹാരമായി ആശുപത്രി പരിസരത്ത് വിശ്രമകേന്ദ്രങ്ങൾ പണിതെങ്കിലും നഗരസഭയുടേത് അറ്റകുറ്റപ്പണിക്കായി രണ്ടുമാസം മുമ്പ് പൂട്ടി. എം.പി ഫണ്ടുപയോഗിച്ച് നിർമ്മിച്ചവയിൽ കാലുകുത്താനിടമില്ല. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തി ഇരുന്നും നിന്നും സമയം തള്ളുന്ന കൂട്ടിരിപ്പുകാർക്ക് പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യങ്ങൾപോലുമില്ല.
പ്രസവത്തിനും മറ്റും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്കൊപ്പം ഒരു സ്ത്രീക്ക് മാത്രമേ കഴിയാനാകൂ. ഭർത്താവും അടുത്ത ബന്ധുക്കളും പുറത്ത് കഴിയണം. അത്യാഹിത വിഭാഗത്തിലെ വരാന്തയിലും വെറും നിലത്തും പേപ്പറോ തുണിയോ വിരിച്ച് കിടക്കേണ്ടിവരും. ലേബർ റൂമിൽ രോഗിയെ പ്രവേശിപ്പിച്ചാൽ കൂട്ടിരിപ്പുകാർക്ക് ഇടംവലം തിരിയാനാകില്ല. മൈക്കിലൂടെ രോഗിയുടെ പേര് വിളിക്കുമ്പോൾ കൂട്ടിരിപ്പുകാർ സ്ഥലത്തുണ്ടാകണം. സന്ധ്യമയങ്ങുമ്പോൾ കൊതുക് പട കൂട്ടിനെത്തും. കാത്തിരുന്ന് എവിടെയെങ്കിലും ഇട്ടാവട്ടത്ത് തലചായ്ക്കുമ്പോൾ പെരുച്ചാഴികൾ പാഞ്ഞെത്തും. പേവിഷ ഭീതിയുമായി തെരുവുനായ്ക്കൾ വേറെയും. മാലിന്യ സംസ്കരണം ഫലപ്രദമല്ലാത്തതാണ് ഇവയുടെ ശല്യം പെരുകാൻ കാരണം. കൂട്ടിരിപ്പുകാർക്കായി ഒരു വെയിറ്റിംഗ് ഏരിയയുണ്ടെങ്കിലും പത്തിരട്ടിപേരാണ് ഇരിക്കാനും നിൽക്കാനും ഇടമില്ലാതെ വലയുന്നത്. മരത്തണലുകളിൽ കാറ്റുകൊണ്ടും കഥപറഞ്ഞും സമയം തള്ളുന്ന ഇവർക്ക് ഭക്ഷണം കഴിക്കാനും ഇടമില്ല. രാത്രിയിൽ മരച്ചില്ലകളിൽ കിളികൾ ചേക്കേറി കാഷ്ടിച്ച് കൂട്ടുന്നതിനാൽ സന്ധ്യമയങ്ങിയാൽ മരച്ചുവടുകളും അന്യമാകും.
വെളിച്ചം ദുഃഖമാണുണ്ണീ...
രാത്രിയിൽ ഇരുളിന്റെ തടവറയാണ് എസ്.എ.ടി ആശുപത്രി പരിസരം. അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് മാസങ്ങളായി. ഇരുളടഞ്ഞ പരിസരം താണ്ടി വേണം മരുന്നിനോ മറ്റാവശ്യങ്ങൾക്കോ കൂട്ടിരിപ്പുകാർക്ക് പുറത്തേക്ക് പോകാൻ. ഓടകളെല്ലാം അടഞ്ഞും മാലിന്യം നിറഞ്ഞും വൃത്തിഹീനമായ ഇവിടെ ഇഴജന്തുക്കളുമുണ്ട്. മദ്യപാനികളും സാമൂഹ്യവിരുദ്ധരും ക്യാമ്പ് ചെയ്യുന്ന ഇവിടെ അവരെ ഭയന്നാണ് സ്ത്രീകൾ കഴിയുന്നത്. കൂട്ടിരിപ്പുകാരെന്ന വ്യാജേന ആശുപത്രി വളപ്പിൽ തങ്ങുന്ന തസ്കരക്കൂട്ടം വാർഡുകളിലും പുറത്തും കഴിയുന്നവരുടെ പണവും മൊബൈൽഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്യുന്നതും പതിവാണ്.
എയ്ഡ് പോസ്റ്റ് പൂട്ടി
രണ്ടുവർഷം മുമ്പ് ആഘോഷപൂർവം ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്ര് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പൂട്ടി. രോഗികളുടെ സുരക്ഷയ്ക്കൊപ്പം അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, രക്തദാനം തുടങ്ങിയ സേവനങ്ങളും ലഭിച്ചിരുന്നു. എയ്ഡ് പോസ്റ്റിന്റെ ബോർഡ് കണ്ട് സഹായം തേടിയെത്തുന്നവർക്ക് മുന്നിൽ അടഞ്ഞ വാതിലുകളാണുള്ളത്. ആയിരത്തിലധികം രോഗികൾ കഴിയുന്ന ഇവിടെ മതിയായ സെക്യൂരിറ്റി ജീവനക്കാരുമില്ല. ഒരുഡസനോളം വനിതകളുൾപ്പെടെ അറുപത് സെക്യൂരിറ്റി ജീവനക്കാർ വേണ്ടിടത്ത് കഷ്ടിച്ച് നാല്പിത് പേരാണ് മൂന്ന് ടേണിലുള്ളത്. ആശുപത്രി പരിസരത്തെ സാമൂഹ്യ വിരുദ്ധരെയോ മദ്യപരെയോ തുരത്താനോ തടയാനോ ഇവർക്കാവുന്നുമില്ല.
സുരക്ഷയ്ക്കായി ആശുപത്രിയിൽ സ്ഥാപിച്ച കാമറകളിൽ പലതും പ്രവർത്തനക്ഷമമല്ല. വിരലിലെണ്ണാവുന്ന കാമറകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മോഷണവും കഞ്ചാവ് വില്പനയും നടത്തിയ നിരവധിപേരെ പിടികൂടാൻ കാമറ ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പൊലീസിനെ സഹായിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ് ഗർഭിണിയെന്ന പേരിൽ ചികിത്സ തേടി മുങ്ങിയ യുവതിയെ കണ്ടെത്താനും ദൃശ്യങ്ങൾ സഹായിച്ചിരുന്നു.
പാർക്കിംഗ് അത്യാഹിത വിഭാഗത്തിന് മുന്നിൽ
അത്യാഹിത വിഭാഗത്തിന് മുന്നിലാണ് ഇരുചക്രവാഹന പാർക്കിംഗ്. പ്രസവവേദനയിൽ പുളയുന്നവരും രക്തസ്രാവം പോലുള്ള പ്രശ്നങ്ങളുമായി ആംബുലൻസിലും മറ്റ് വാഹനങ്ങളിലും എത്തുന്നവരുമാണ് കഷ്ടപ്പെടുന്നത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്താലേ രോഗികളെ അത്യാഹിത വിഭാഗത്തിലെത്തിക്കാൻ കഴിയൂ. ആശുപത്രിക്ക് മുന്നിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാത്തതാണ് ഇതിന് കാരണം.