തിരുവനന്തപുരം: 27, 28 തീയതികളിലായി കോവളം ലീലാ റാവിസിൽ നടക്കുന്ന ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ 'ഹഡിൽ കേരള"യുടെ രണ്ടാം പതിപ്പ് പുതുസംരംഭകർക്ക് വ്യത്യസ്ത അനുഭവമായി മാറും. സ്റ്റാർട്ടപ്പുകളുടെ വലിയ കൂട്ടായ്മ സൃഷ്ടിക്കുക, സ്ഥാപക - നിക്ഷേപക ബന്ധം സൃഷ്ടിക്കുക, അടുത്ത തലമുറയിലേക്ക് വളരാൻ കമ്പനികളെ സഹായിക്കുക എന്നതാണ് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹഡിൽ കേരളയുടെയും ലക്ഷ്യം.
ധാരണാപത്രങ്ങളും കരാറുകളും ചർച്ചകളുമായി സ്റ്റാർട്ടപ്പുകൾക്ക് സ്വന്തം ഉത്പന്നങ്ങളും സേവനങ്ങളും അണിനിരത്തി മുന്നേറാനുള്ള മികച്ച വേദിയായി ഇതുമാറും. ബ്ലോക്ക് ചെയിൻ, നിർമ്മിതബുദ്ധി, ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ഡിജിറ്റൽ വിനോദമേഖല, ഡ്രോൺ ടെക്നോളജി, ഡിജിറ്റൽ വിനോദങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഇ - ഗവേണൻസ്, മൊബൈൽ ഗവേണൻസ്, യൂസർ ഇന്റർഫെയ്സ്/എക്സ്പീരിയൻസ് തുടങ്ങി വിപ്ലവകരമായ സാങ്കേതികവിദ്യകളിലാണ് ഇത്തവണത്തെ സമ്മേളനത്തിലെ ഊന്നൽ.
2018ൽ നടന്ന ആദ്യ പതിപ്പിൽ 2000 സ്റ്റാർട്ടപ്പുകളും മുപ്പതോളം പ്രഭാഷകരും 15 നിക്ഷേപകരും പങ്കെടുത്തിരുന്നു. ഇതിലും വിപുലമായി സ്റ്റാർട്ടപ്പുകളുടെ ബിസിനസ് ടു ബിസിനസ് മീറ്റാക്കി മാറ്റുന്ന തരത്തിലാണ് ഇത്തവണത്തെ തയ്യാറെടുപ്പ്. കേരളത്തിൽ മാത്രം 1500ൽപരം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 250 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത്. സ്റ്റാർട്ടപ്പുകളെ അതിന്റെ സംരംഭങ്ങളും ഉത്പന്നങ്ങളുമായി വിജയകരമായി മുന്നേറാൻ സഹായിക്കുക എSന്ന ലക്ഷ്യത്തോടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഈ മേഖലയിലെ വിപണി വിദഗ്ദ്ധർ, സ്ഥാപന മേധാവികൾ, നിക്ഷേപകർ, സർക്കാരിലേതടക്കം നയകർത്താക്കൾ, അക്കാഡമിക് വിദഗ്ദ്ധർ, വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ എന്നിവരാണ് ഹഡിൽ കേരളയിലെത്തുക.
സംരംഭകർക്കായി മികച്ച ആശയവിനിമയ വേദികളുമുണ്ടാകും. വിപണിയിലെ പ്രമുഖർക്കു മുന്നിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന മികച്ച വേദിയാകും ഇത്. നെറ്റ് വർക്കിംഗ് സെഷനുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, ശില്പശാലകൾ, സമാന്തര ചടങ്ങുകൾ എന്നിവയും നടക്കും.