തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാ മത് ജയന്തിയുടെയും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാമത് വാർഷികത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിച്ച് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സന്തോഷ് ഖോൽഗുണ്ടേയുടെ നേതൃത്വത്തിൽ 'നാനാത്വത്തിൽ ഏകത്വം' എന്ന മുദ്റാവാക്യമുയർത്തിയുള്ള സൈക്കിൾ യാത്രയ്ക്ക് ഇന്നലെ തലസ്ഥാനത്ത് സ്വീകരണം നൽകി. ആഗസ്റ്റ് 15 ന് കാശ്മീരിൽ നിന്നാണ് യാത്ര തുടങ്ങിയത്.
രാജ്യം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾ ഗാന്ധിയൻ ആശയങ്ങൾ നശിപ്പിക്കുകയും ഗോഡ്സെയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയ കമ്മിറ്റി നേതൃത്വത്തിൽ ഉയർത്തിയ നാനാത്വത്തിൽ ഏകത്വം എന്ന മുദ്റാവാക്യത്തിന് പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് സ്വീകരണത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് വിനോദ് യേശുദാസ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ എൻ.എസ്. നുസൂർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. ബാലു, സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ, പാർലമെന്റ് ജനറൽ സെക്രട്ടറിമാരായ അഭിലാഷ്, ചിത്രാദാസ്, പ്രദീപ് വണ്ടിത്തടം, പ്രതിഭാ ജയകുമാർ, നന്തൻകോട് ജയൻ, രാജേഷ് ടി.ആർ, അരുൺ എസ്.പി, ഷഫീക്ക്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ നജീബ് ബഷീർ, അഡ്വ. വിനോദ് കോട്ടുകാൽ, ഷജീർ നേമം, അരുൺ സി.പി, നനോ അലക്സ്, മാർട്ടിൻ പെരേര എന്നിവർ നേതൃത്വം നൽകി.