മെഗാ സ്റ്റാർ മോഹൻലാൽ സംവിധായകനായി അരങ്ങേറുന്ന ത്രിമാന ചിത്രമായ ബറോസിൽ ഹോളിവുഡിൽ നിന്നുള്ള പതിന്നാലുകാരി ഷെയ് ല മക്കഫ്രി നായികയാകും.നാല് വർഷം മുൻപ് ക്രിസ്മസ് ലാൻഡ് എന്ന ചിത്രത്തിലൂടെയാണ് ഷെയ് ല കാമറയ്ക്ക് മുന്നിലെത്തിയത്.ഇക്കൊല്ലം ഔർ ഫാദേഴ്സ് പ്രൈഡിൽ അഭിനയിക്കുകയുണ്ടായി.ഇതിലെ പ്രകടനം കണ്ടിട്ടാണ് ബറോസിലേക്ക് ക്ഷണിച്ചത്.ഇന്നലെ കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ചടങ്ങിലാണ് ബറോസിലെ നായികയെയും സംഗീത സംവിധായകനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലോസേഞ്ചൽസുകാരിയായ ഷെയ് ല മക്കഫ്രി ചടങ്ങിൽ സംബന്ധിക്കുകയുണ്ടായി.പരിശീലനത്തിന്റെ ഭാഗമായി ഷെയ് ല ഏതാനും ആഴ്ച കൊച്ചിയിലുണ്ടാവും.ഇന്ത്യ- സ്പാനിഷ് ദമ്പതിമാരുടെ മകളുടെ റോളിലാണ് ഷെയ് ല അഭിനയിക്കുന്നത്.ഷെയ് ലയുടെ കഥാപാത്രവും മോഹൻലാലിന്റെ ബറോസും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അടുത്ത വർഷം മാർച്ചിൽ ഗോവയിൽ ചിത്രീകരണം തുടങ്ങും.
പതിമൂന്നുകാരനായ ലിഡിയൻ നാദസ്വരമാണ് സംഗീത സംവിധായകൻ.ലിഡിയൻ ബറോസിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി കഴിഞ്ഞെന്നാണ് അറിയുന്നത്. തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ.
വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കെ.യു. മോഹനനാണ് കാമറ കൈകാര്യം ചെയ്യുന്നത്.ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ ആണ് ബറോസിന്റെ തിരക്കഥയെഴുതുന്നത്.ആശീർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.