വല്ലാത്തൊരു കാഴ്ചയായിരുന്നു അത്.
ഒരു നിമിഷം സി.ഐ അലിയാർ സ്തബ്ധനായി.
''മോളേ..."
അലറിക്കൊണ്ട് ഹേമലത മുന്നോട്ടാഞ്ഞു.
പക്ഷേ സുരേഷ് അവളെ പിടിച്ചു നിറുത്തി.
ഒന്നു കാൽ തെന്നിയാൽ ഇരുപതടിയോളം താഴെ പാറയിലേക്കു ചെന്നുവീഴും.
''ആരും ഇങ്ങോട്ടു വരരുത്."
അലിയാർ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് കരുതലോടെ മുന്നോട്ടു ചുവടുവച്ചു.
അവിടെ, ഏത് സെക്കന്റിലും തല കുത്തി താഴേക്കു വീഴത്തക്കവിധത്തിലാണ് ആരവും ആരതിയും.
അവരുടെ അരയ്ക്കു മുകൾഭാഗം പാറയുടെ വിളുമ്പിൽ താഴേക്കു തൂങ്ങിക്കിടക്കുകയാണ്.
എന്നാൽ അങ്ങനെ വീഴാതിരിക്കുവാൻ കാലുകളിൽ കയർ കെട്ടി, കയറിന്റെ അഗ്രം പിന്നിലെ ഒരു ഇളകിയ വലിയ കല്ലിൽ ബന്ധിച്ചിരിക്കുന്നു!
കുട്ടികൾ മരിച്ചു കിടക്കുകയാണെന്നു തോന്നി അലിയാർക്ക്.
പാറയിടുക്കുകളിൽ തട്ടി വെള്ളം ഒഴുകുന്നതിന്റെ മുഴക്കം കാതുകളിലേക്ക് പുളഞ്ഞിറങ്ങി.
നടുക്കത്തോടെ എം.എൽ.എ ശ്രീനിവാസ കിടാവ് മറ്റൊന്നറിഞ്ഞു.
പാഞ്ചാലിയെ ചുട്ടുകൊന്ന അതേ സ്ഥാനത്തിനു തൊട്ടുമുകളിലാണ് കുട്ടികൾ...!
ഭീതിയുടെ ഒരു ആവരണം കിടാവിനെ പൊതിഞ്ഞു.
സി.ഐ അലിയാർ കുട്ടികൾക്ക് അരുകിൽ പാറപ്പുറത്തിരുന്നു. തന്റെ ഇടം കൈ പൊലീസുകാർക്കു നേരെ നീട്ടി.
''പിടിച്ചോണം."
രണ്ടു പോലീസുകാർ സി.ഐയുടെ കയ്യിൽ വലിച്ചു പിടിച്ചു.
അലിയാർ മുന്നോട്ടാഞ്ഞ് ഒറ്റ കൈയിൽ ആരതിയെ താങ്ങിയെടുത്ത് പാറപ്പുറത്തു വച്ചു.
ശേഷം ആരവിനെയും....
തുടർന്നു കാലുകളിൽ നിന്ന് കയർ അഴിച്ചുമാറ്റി.
പോലീസുകാർ കുട്ടികളെ ഒരു പരന്ന പാറപ്പുറത്തേക്കു മാറ്റി കിടത്തി.
അവരുടെ ശരീരത്തിൽ തണുപ്പു വ്യാപിച്ചിരുന്നു...
''മക്കളേ...."
സുരേഷിന്റെ കൈ തട്ടിമാറ്റി ഹേമലത പാഞ്ഞുവന്നു. കുട്ടികളുടെ ശരീരം നെഞ്ചോടു ചേർത്തു.
അലിയാർ കുട്ടികളുടെ മൂക്കിനു പുറത്ത് കൈ വച്ചു നോക്കി. നേരിയ തോതിൽ ശ്വാസമുണ്ട്.
''എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കണം."
അലിയാർ ഒച്ചയുയർത്തി.
രണ്ട് പോലീസുകാർ കുട്ടികളുമായി കൽപ്പടവുകൾ കയറി മുകളിലേക്കു പാഞ്ഞു.
ഒപ്പം കിടാവും സുരേഷും ഹേമലതയും.
അലിയാർ ആഢ്യൻപാറയിലെ ജീവനക്കാരെ നോക്കി:
''ഞാൻ കുറച്ചുകഴിഞ്ഞ് വരും. നിങ്ങളുടെ സ്റ്റേറ്റ്‌മെന്റ് എടുക്കുവാൻ. ഇവിടെ കാണണം."
''കാണാം സാർ..."
അവർ തലയാട്ടി.
രണ്ട് വാഹനങ്ങളും നിലമ്പൂർക്കു പാഞ്ഞു.
ഹോസ്പിറ്റൽ...
കുട്ടികളെ ഐ.സിയുവിലേക്കു മാറ്റി.
ഹോസ്പിറ്റൽ ഇടനാഴിയിലൂടെ അലിയാർ അസ്വസ്ഥനായി നടന്നു.
ശ്രീനിവാസ കിടാവ് സങ്കോചത്തോടെ അയാൾക്ക് അരുകിലെത്തി.
''എന്റെ കുട്ടികളെ കൊണ്ടുപോയത് ആരാണെങ്കിലും അവരെ എനിക്കു കിട്ടണം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ."
അലിയാർ അയാളെ സൂക്ഷിച്ചുനോക്കി.
''എന്റെ ഡ്യൂട്ടി... അത് ഞാൻ ചെയ്തിരിക്കും. അതിന് ആരുടെയും നിർദ്ദേശം വേണ്ടാ. പിന്നെ അവരെ നിങ്ങളുടെ മുന്നിൽ തരണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കേണ്ട കാര്യമാണ്. നിയമത്തിന് അതിന്റേതായ വഴികളുണ്ട്."
നീരസത്തിൽ കിടാവ് തലവെട്ടിച്ചു. അയാൾ പല്ലു ഞെരിക്കുന്ന ശബ്ദം അലിയാർ കേട്ടു.
പറഞ്ഞതിന്റെ ബാക്കി അലിയാരുടെ ചുണ്ടിൽ നിന്നടർന്നു.
''ആദ്യം കുട്ടികൾ രക്ഷപ്പെടുവാൻ ദൈവത്തോട് പ്രാർത്ഥിക്ക്."
ശ്രീനിവാസ കിടാവ് മിണ്ടിയില്ല.
ഇടനാഴിയിലെ ഫൈബർ കസേരയിൽ ഹേമലത തളർന്നിരുന്നു. തൊട്ടരുകിൽ സുരേഷുണ്ട്.
മന്ത്രിക്കും പോലെ ഹേമലത പറഞ്ഞു:
''ഇനി എന്നെ നിർബ്ബന്ധിക്കരുത് സുരേഷ്. ആ നശിച്ച കോവിലകത്തേക്ക് ഞാൻ വരില്ല."
സുരേഷ് കിടാവിനു മറുപടിയില്ലായിരുന്നു...
സമയം കടന്നുപോയി.
ഹോസ്പിറ്റലിൽ തിരക്കായിത്തുടങ്ങി.
വിവരമറിഞ്ഞ് ശേഖര കിടാവും പാഞ്ഞെത്തി.
അയാൾ ശ്രീനിവാസ കിടാവിന്റെ അടുത്തെത്തി വിവരം തിരക്കി.
''ഡോക്ടർ ഇതുവരെ പുറത്തു വന്നിട്ടില്ല ശേഖരാ..."
''വിടരുത് ചേട്ടാ ഒരുത്തനേം... നമ്മുടെ കുടുംബത്തെപ്പോലും ഇങ്ങനെ ചെയ്യാൻ ആര് തുനിഞ്ഞാലും ഇനി അവൻ ജീവനോടെ വേണ്ടാ."
ഈ സംസാരം അലിയാർ കേട്ടു. എങ്കിലും അവഗണിച്ചു.
അടുത്ത നിമിഷം ഐ.സി.യുവിന്റെ വാതിൽ തുറക്കപ്പെട്ടു.
ഹേമലതയും സുരേഷും ചാടിയെഴുന്നേറ്റു.
ഒരു ഡോക്ടർ പുറത്തേക്കു വന്നു.
''ഡോക്ടർ...."
എല്ലാവരും അയാൾക്കരുകിലേക്ക് ഓടിച്ചെന്നു.
''എന്റെ മക്കൾ..."
ഡോക്ടറുടെ മറുപടിക്കായി ഹേമലത ആ മുഖത്തേക്ക് ഉറ്റുനോക്കി...
(തുടരും)