-imran-khan

ന്യൂയോർക്ക് സിറ്റി: യു.എസിനൊപ്പം ഭീകരവിരുദ്ധ പോരാട്ടത്തിൽ അണിചേർന്നത് മണ്ടത്തരമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞു. വേൾ‌ഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് അമേരിക്കയ്ക്കൊപ്പം ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ അണിചേർന്നത്. ശരിയായി ചെയ്യാൻ കഴിയാത്ത കാര്യം വാഗ്ദാനം ചെയ്യാൻ പാടില്ലായിരുന്നുവെന്നും ജനറൽ പർവേസ് മുഷറഫിന്റെ തീരുമാനത്തെ ഇമ്രാൻ കുറ്റപ്പെടുത്തി.

2001ൽ അമേരിക്കൻ അധിനിവേശത്തിനു മുമ്പ് അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നായിരുന്നു പാകിസ്ഥാൻ. എന്നാൽ 9/11 ആക്രമണത്തിനു ശേഷം അമേരിക്കയുടെ അധിനിവേശകാലത്ത് താലിബാനെതിരെ യു.എസ് സൈന്യത്തെ സഹായിക്കുകയാണ് പാകിസ്ഥാൻ ചെയ്തത്. ''1980ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ കടന്നുകയറിയപ്പോൾ അതിനെ ചെറുക്കാൻ അമേരിക്കയെ സഹായിക്കുകയാണ് പാകിസ്ഥാൻ ചെയ്തത്.

ലോകമെമ്പാടുനിന്നും ഐസിസ് പരിശീലനം സിദ്ധിച്ച ഭീകരരെ പോരാട്ടത്തിനായി അഫ്ഗാനിലേക്കു ക്ഷണിച്ചു. അക്കാലത്ത് അവരെ വീരന്മാരായാണു പരിഗണിച്ചത്. 1989ൽ സോവിയറ്റ് യൂണിയൻ അഫ്ഗാൻ വിട്ടതോടെ അമേരിക്കയും പോയി. പിന്നെ ഈ ഗ്രൂപ്പുകൾ പാകിസ്ഥാന്റെ തലയിലായി.''-ഇമ്രാൻ പറഞ്ഞു.

സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നും ഇമ്രാൻ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു പാകിസ്ഥാൻ കടന്നുപോകുന്നതെന്നും ആപത്ഘട്ടത്തിൽ സഹായിച്ച ചൈനയോടു നന്ദിയുണ്ടെന്നും ഇമ്രാൻ പറഞ്ഞു. വിദേശാധിപത്യത്തിന് എതിരായ പോരാട്ടം ജിഹാദ് ആണെന്നു പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂണിയന്‍ മാറി അമേരിക്ക എത്തിയപ്പോൾ അത് ഭീകരത ആയി മാറിയെന്നും ഇമ്രാൻ കുറ്റപ്പെടുത്തി.