ഇസ്ളാമാബാദ് : കാശ്മീരിനെ സംബന്ധിച്ച് ഇന്ത്യ കൊക്കൊണ്ട ആഭ്യന്തര തീരുമാനത്തെ പർവതീകരിച്ച് അന്താരാഷ്ട്ര വിഷയമാക്കുവാനുള്ള ഇമ്രാൻ ഖാന്റെ ശ്രമങ്ങൾക്ക് സ്വന്തം രാജ്യത്തു നിന്നും തിരിച്ചടി. ആണവരാഷ്ട്രമാണെന്ന് സ്ഥിരം വെല്ലുവിളി ഇന്ത്യയോട് ചെലവാകില്ലെന്ന് ഇമ്രാൻ ഖാന് ഉപദേശം നൽകിയിരിക്കുകയാണ് പാക് മുൻ പട്ടാളമേധാവിയും അട്ടിമറിയിലൂടെ പാകിസ്ഥാന്റെ ഭരണം ഒരു ദശാബ്ദക്കാലം കായ്യാളിയ പർവ്വേസ് മുഷ്റഫ്. ഇന്ത്യയിൽ പാകിസ്ഥാൻ ഒരു ബോംബ് പ്രയോഗിച്ചാൽ ഇന്ത്യ തിരികെ ഇരുപത് ബോംബിടുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം ഇമ്രാൻ ഖാന് നൽകുന്നത്. അതിനാൽ തന്നെ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. അണവായുധ ശേഷിയിൽ ഇന്ത്യ ഏറെ മുന്നിലാണ്. മുൻസൈനിക മേധാവിക്കൊപ്പം പാകിസ്ഥാനിലെ പ്രമുഖരായ നേതാക്കളും ഇമ്രാൻ ഖാന് സമാനമായ ഉപദേശങ്ങളാണ് നൽകുന്നത്.
കാശ്മീർ വിഷയം യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ പാക് പ്രധാനമന്ത്രി. ഇതിനായി അമേരിക്കയിലേക്ക് ഏഴുദിവസം നീളുന്ന സന്ദർശനത്തിലാണ് അദ്ദേഹമിപ്പോൾ. എന്നാൽ പാക് പ്രധാനമന്ത്രിയുടെ നീക്കങ്ങൾക്ക് നയതന്ത്ര തലത്തിൽ ശക്തമായ തിരിച്ചടി നൽകിയാണ് ഇന്ത്യയും മുന്നേറുന്നത്. ഹൗഡി മോദി എന്ന അമേരിക്കയിലെ ഇന്ത്യൻ വംശജർ സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷാൽ അമേരിക്കൻ പ്രസിഡന്റിനെ തന്നെ എത്തിച്ച് ലോകത്തിനെയാകെ ഞെട്ടിക്കുവാൻ ഇന്ത്യയ്ക്കായിരുന്നു.