venkayya-naidu

മലപ്പുറം: മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്നും, ഭാഷയെക്കുറിച്ച് ഇപ്പോൾ വരുന്ന വിവാദം അനാവശ്യമാണെന്നും വെങ്കയ്യ നായിഡു മലപ്പുറത്ത് പറഞ്ഞു.

'മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം വേണം. മാതൃഭാഷ കാഴ്ച പോലെയാണ്, മറ്റു ഭാഷകൾ കണ്ണാടിയിലുള്ള കാഴ്ചയും. രാജ്യത്ത് ഒരു ഭാഷയോടും അവഗണന ഇല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.എല്ലാ ഭാഷകളും നല്ലതാണ്, കുഞ്ഞുങ്ങൾ എല്ലാം പഠിക്കണം. ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ല'-വെങ്കയ്യ നായിഡു പറഞ്ഞു.

കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയറുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ആര്യവൈദ്യശാലയുടെ പ്രവർത്തനം മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും, വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താൻ സാധിക്കുമെന്നും,​ ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും നേരത്തേ കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.