'ആ മഞ്ഞുമലയുടെ ഹൃദയം കീഴടക്കുക എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു മുന്നിൽ. ഓരോ മലകയറുമ്പോഴും ആ നിശ്ചയദാർഢ്യം മാത്രമായിരുന്നു മനസിലും. ഉയരങ്ങൾ താണ്ടുമ്പോൾ ശ്വാസകോശം ചുരുങ്ങുന്നതിനാൽ ശുദ്ധവായു കിട്ടാൻ നന്നേ പ്രയാസപ്പെട്ടു. മലകൾ കയറുമ്പോൾ പിടുത്തം കിട്ടാതെ പല പ്രാവശ്യം തെന്നി വീണു. മരണം വരെ സംഭവിച്ചേക്കാമെന്ന അവസ്ഥയു താണ്ടി നീങ്ങി'.
കാഴ്ചകളിനിയുമുണ്ട്, മാനംമുട്ടെ മഞ്ഞിൻ മലനിരകൾ. കയ്യിൽ തൊടുമെന്നോണം മേലെ ആകാശം. വാനത്തെ ചുംബിച്ച് പല വർണങ്ങളാൽ പൂക്കൾ. കൊടും തണുപ്പും കയ്യിൽ ഒരു കട്ടൻ കാപ്പിയും തൊട്ടടുത്ത് ഇഷ്ടപ്പെട്ട ഒരു പുസ്തകവും. പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും അനുഭൂതി. കൊടും തണുപ്പിൽ മലയുടെ താഴ്‌വാരത്ത് കെട്ടിയുണ്ടാക്കിയ ടെന്റിൽ നിന്നും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വായന. സ്ഥലം ഏതാണെന്നല്ലേ? നാട്ടിലെങ്ങുമല്ല, അങ്ങ് ഹിമാചൽ പ്രദേശിൽ മഞ്ഞുമലകളുടെ നാട്ടിലെ ' ഫ്രണ്ട്ഷിപ്പ് പീക്കിൽ '. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും അപകടം നിറഞ്ഞതുമായ ഫ്രണ്ട്ഷിപ്പ് പീക്കിലേക്ക്. കിഴക്കമ്പലം സ്വദേശി കൃഷ്ണ കുമാറിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ യാത്ര.
യാത്ര തുടങ്ങുന്നു
ഒരു മുൻകരുതലുമില്ലാതെ പെട്ടെന്നാണ് യാത്രയ്ക്ക് പുറപ്പെട്ടത്. ഇൻസ്റ്റഗ്രാമിലും മറ്റ് സൈറ്റുകളിൽ നിന്നും വായിച്ചറിഞ്ഞ പരിമിതമായ അറിവ് മാത്രം കൈമുതൽ. അങ്ങനെയാണ് ഫ്രണ്ട്ഷിപ്പ് പീക്കെന്ന ഭൂമിയിലെ മറ്റൊരു സ്വർഗത്തിലേക്കുള്ള യാത്രയ്ക്ക് പുറപ്പെടുന്നത്. കൂട്ടിന് ഞാൻ തന്നെ... ഒരു സോളോ ട്രിപ്പ്. പുറപ്പെട്ട സമയമാണ് രസം. കേരളത്തിൽ നല്ല മഴ. നേരത്തെ പറഞ്ഞല്ലോ അധികമൊന്നും പ്ലാൻ ചെയ്തിട്ടുമില്ലെന്ന്. അങ്ങനെ യാത്ര തുടങ്ങി. ഹിമാചൽപ്രദേശിലെ മണാലിയിൽ നിന്നും കുറച്ചകലെയാണ് ഫ്രണ്ട്ഷിപ്പ് പീക്ക് സ്ഥിതിചെയ്യുന്നത്.
കൊച്ചിയിൽ നിന്നും ഒരു ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, പെട്ടെന്നാണ് കൊച്ചി വിമാനത്താവളത്തിലെ റൺവേയിലൊക്കെ വെള്ളം കയറുന്ന അവസ്ഥ കേരളത്തിലുണ്ടായത്. ഒരൽപ്പം വൈകി വിമാനത്താവളത്തിൽ എത്തിയ എനിക്ക് വിമാനത്തിൽ കയറാൻ കഴിഞ്ഞതുമില്ല. അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് ദാ വിമാനത്തിൽ കയറിയവരൊക്കെ തിരികെ വരുന്നു. റൺവേയിൽ വെള്ളം കയറിയത് മൂലം വിമാനം റദ്ദാക്കിയിരിക്കുന്നു. ഫ്‌ളൈറ്റിൽ കയറിയവരൊക്കെ തിരിച്ചിറങ്ങി. പിന്നീട് വിചാരിച്ചു കയറാതിരുന്നത് ഭാഗ്യമായി. അത്രയും സമയം പാഴായില്ലല്ലോ എന്നൊരു സമധാനം.
ആ ദിവസം വീട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസം വീണ്ടും വിമാനത്താവളത്തിലേക്ക്. അപ്പോഴാണ് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചുവെന്ന വാർത്ത അറിയുന്നത്. റൺവേയിൽ മൊത്തം വെള്ളം കയറി. ഫ്‌ളൈറ്റ് പോകാൻ യാതൊരു മാർഗവുമില്ല. തുടക്കത്തിൽത്തന്നെ പണിപാളിയല്ലോ എന്നായി. അന്തമില്ലാത്ത ലക്ഷ്യം തേടി യാത്രക്കിറങ്ങുന്ന സഞ്ചാരിക്ക് തിരിച്ചുപോക്ക് എന്നൊരു ചിന്തയേയില്ല. അതുകൊണ്ട് തന്നെ പ്ലാൻ ചെയ്‌ത യാത്രയിൽ നിന്നും പിന്മാറാൻ കഴിഞ്ഞില്ല. വരുന്നിടത്തുവച്ച് കാണാം എന്ന രീതിയിൽ മുൻപോട്ടു തന്നെ യാത്ര.
അന്ന് വീണ്ടും വീട്ടിൽ തിരിച്ചെത്തി അമ്മയോട് യാത്ര പറഞ്ഞ് ബാഗും തോളിലിട്ട് രാവിലെ നേരെ ആലുവയ്ക്ക് വിട്ടു. അവിടുന്ന് ബാംഗ്ലൂരിലേക്ക് ഒരു ബസ് കിട്ടി. അന്ന് ബസും കുറവായിരുന്നു, എന്തോ ഭാഗ്യമെന്ന് പറയട്ടെ ഒരു ബസ് കിട്ടി. ബസിൽ കയറിയപ്പോൾ ഹിമാചൽ പ്രദേശിലേക്ക് പോകാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നറിയാൻ ട്രാവൽ ഏജൻസി നടത്തുന്ന ഒരു സുഹൃത്തിനെ വെറുതെ വിളിച്ചു. രണ്ട് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. ഒന്നുകിൽ കോയമ്പത്തൂർ അല്ലെങ്കിൽ തിരുവനന്തപുരം. പക്ഷെ, ഫ്‌ളൈറ്റ് ചാർജ് കൂടുതലായിരുന്നു. സാധാരണ നിരക്കിലെയും ഇരട്ടി രൂപ. അങ്ങനെ ആ പ്രതീക്ഷയും അവസാനിച്ചു.
ഇനി എന്ത് ചെയ്യാമെന്നായി പിന്നീട് ചിന്ത. ഒന്ന് ബംഗളൂരു വരെ പോയി രണ്ട് ദിവസം അവിടെ നിൽക്കാം എന്നായി. ബംഗളൂരുവിലെത്തിയപ്പോൾ ഡൽഹിയിലേക്ക് വല്ല വിമാന സർവീസും ഉണ്ടോ എന്ന് ചെക്ക് ചെയ്‌തപ്പോൾ ഭാഗ്യത്തിന് ഒരെണ്ണം കിട്ടി. 11 മണിക്കായിരുന്നു ഫ്‌ളൈറ്റ്. ഒരു മണി ആകുമ്പോഴോക്കും ഡൽഹി എത്തി. അവിടുന്ന് നേരെ മണാലിയിലേക്ക്. ഡൽഹിയിൽ നിന്ന് ഹിമാചൽ പ്രദേശ് ടൂറിസം കോർപ്പറേഷന്റെ ബസുകൾ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. വിമാനത്താവളത്തിൽ നിന്നും ബസ് കിട്ടുന്നിടത്തേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്. പക്ഷേ നല്ല കട്ട ബ്ലോക്കും കടന്ന് അവിടെ എത്തിയപ്പോഴേക്കും മൂന്ന് മണി കഴിഞ്ഞു. മണാലിക്ക് 4 മണിക്ക് ബസ് കിട്ടി. പിറ്റേ ദിവസം 9 മണി ആയപ്പോൾ മണാലിയിലെത്തി. ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന വോൾവോ ബസൊന്നും ആയിരുന്നില്ല കിട്ടിയത്. നമ്മുടെ സാധാരണ ബസ് തന്നെ. അതിലിരുന്ന് കാലിന്റെ മുട്ടൊക്കെ ഒരു വഴിക്കായി.
മണാലി വഴി ദുന്ദിയിലേക്ക്
ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട ഒരു ട്രാവൽ ഏജന്റ് മണാലിയിലുണ്ട്. ഫ്രണ്ട്ഷിപ്പ് പീക്കിലേക്ക് കയറാൻ പുള്ളിയുമായി കാര്യങ്ങൾ സംസാരിച്ചു. ട്രെക്കിംഗിനുള്ള സെറ്റപ്പുകളൊക്കെ ഒരുക്കി. ട്രെക്കിംഗിന് പുറപ്പെടുന്നതിന് മുമ്പ് ട്രാവൽ ഏജൻസി നമ്മുടെ ആരോഗ്യവും ട്രെക്കിംഗ് രംഗത്തെ പരിചയവും പരിശോധിക്കും. എത്ര ഉയരം വരെ കയറിയിട്ടുണ്ടെന്നൊക്കെ ചോദിക്കും. നമ്മുടെ മൂന്നാറൊക്കെ 2000 മീറ്റർ മാത്രം ഉയരത്തിലാണ്. എന്നാൽ ഫ്രണ്ട്ഷിപ്പ് പീക്കിന് 5300 മീറ്റർ ഉയരമുണ്ടെന്ന് ഓർക്കണം.
അവിടുന്ന് ചെക്കിംഗ് കഴിഞ്ഞതിന് ശേഷം ഒരു ട്രാവൽ ഗയ്ഡ്, ഹെൽപർ, പിന്നെ ഒരു കുക്കിനെയും കൂടെക്കൂട്ടി ഞാൻ യാത്ര തിരിച്ചു. ആറ് ദിവസത്തെ പാക്കേജായിരുന്നു. 18,000 രൂപ അവിടെ കൊടുക്കേണ്ടി വന്നു. ടെന്റ്, ബാഗ്, സ്‌നോ ബൂട്ട്, ഭക്ഷണം പാകം ചെയ്യാനുള്ള മണ്ണെണ്ണ തുടങ്ങിയ സാധനങ്ങളൊക്കെ പാക് ചെയ്തു. ഓരോരുത്തരുടെയും ബാഗിൽ കുറഞ്ഞത് 25 കിലോ ഭാരമെങ്കിലും കാണും. മുകളിലേക്ക് കയറിയാൽ പിന്നെ കടകളോ മറ്റോ ഉണ്ടാകില്ല. ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കണം. അതിന് വേണ്ട സാധനങ്ങളാണ് ബാഗിൽ. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഫ്രണ്ട്ഷിപ്പ് പീക്കിലേക്ക് കയറുന്നത്. 1.ബേസ് ക്യാപ് , 2.ലേഡി ലെഗ്, 3.അഡ്വാൻസിഡ് ബേസ് ക്യാംപ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ഓരോ ദിവസം തങ്ങി വിശ്രമിച്ച് മുകളിലേക്ക് കയറുന്നതാണ് രീതി.
അങ്ങനെ യാത്ര തുടങ്ങി. മണാലിയിൽ നിന്ന് ദുന്ദി ( dhundhi)എന്ന സ്ഥലത്തേക്ക് വണ്ടിയിൽ പോയി. അവിടം വരെയെ വണ്ടി പോകുകയുള്ളൂ. പട്ടാളത്തിന്റെ ചെറിയ ചെക് പോസ്റ്റ് ഉണ്ടിവിടെ. അവിടുന്ന് ഫ്രണ്ട്ഷിപ്പ് പീക്കിലേക്ക് പിന്നെ നടന്നുകയറണം. ഏതാണ്ട് 15 മുതൽ 16 കിലോമീറ്റർ വരെ ദൂരമുണ്ട് ഫ്രണ്ട്ഷിപ്പ് പീക്കിന്റെ ഏറ്റവും മുകളിലെത്താൻ.
പുൽമേടുകളും കാടും ബീസ് റിവറും കടന്ന്
വണ്ടി ചെന്നു നിറുത്തിയത് മലയുടെ താഴെയുള്ള ബീസ് റിവറിന്റെ സമീപത്തായിരുന്നു. ഇവിടുന്നങ്ങോട്ട് മുഴു നീളെ നടത്തമാണ്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും കണ്ട് നടക്കാം. ചുറ്റിലും നിറയെ മരങ്ങളാണ്. മലമേട് നിറയെ പൂക്കളും. ചുവപ്പും മഞ്ഞയും വെള്ളയുമായി അവ വിരിഞ്ഞങ്ങനെ തിങ്ങിക്കൂടി നിൽക്കുന്നു. മൊത്തത്തിൽ ഒരു കാടിന്റെ പ്രതീതിയാണ്. മുകളിലേക്ക് കയറുമ്പോൾ പകലാണെങ്കിൽ പോലും ചെറിയ ഇരുട്ടും മൂടൽമഞ്ഞുമുള്ള പ്രദേശം. സിനിമയിലൊക്കെ കാണുന്ന കാഴ്‌ച നേരിട്ട് കണ്ടതിന്റെ ത്രില്ലിലായിരുന്നു ഞാൻ.
ബീസ് റിവർ മുറിച്ചു കടന്നിട്ട് വേണം മലകയറാൻ. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച നടത്തം വൈകുന്നേരം ഏഴ് മണിയോടെ ആദ്യ ലക്ഷ്യസ്ഥാനമായ ബേസ് ക്യാംപിൽ എത്തി. കയ്യിൽ കരുതിയിരുന്ന എനർജി ബാറും വെള്ളവും ആയിരുന്നു വിശപ്പടക്കിയത്. ഇവിടുത്തെ വെള്ളം മൊത്തം ചെളിയടങ്ങിയതാണ്. അതുകൊണ്ടുതന്നെ കുടിക്കാൻ നന്നല്ല. ചെളിപ്രദേശമായതിനാൽ പിന്നീട് അങ്ങോട്ട് പതിയെ ആയി നടത്തം. പോരാത്തതിന് നടവഴിയിൽ നിറയെ പുല്ലും കുതിരച്ചാണകവും കുമിഞ്ഞിട്ടുണ്ട്. മലയ്ക്കിടയിൽ വെള്ളമൊക്കെ ഒലിച്ച് പോകുന്ന ചെറിയൊരു ചാല് പോലെയാണ് വഴി. എവിടെ ചവിട്ടിയാലും തെന്നി താഴേക്ക് പോകും. നല്ല റിസ്‌ക്കാണ് നടത്തം. ഹെയർ പിൻ വളവുകൾ കയറുന്ന പോലെയാണ് മല കയറുന്നത്. നേരെ കയറാർ സാധിക്കില്ല. ട്രെക്കിംഗ് ബൂട്ട് നല്ലതല്ലെങ്കിൽ താഴെ പോയാൽ ജീവൻപോലും ബാക്കികാണില്ല.
പെൺകുട്ടിയുടെ കാലുള്ള 'ലേഡി ലെഗ്' മലമേട്
ലേഡി ലെഗിലേക്കുള്ള യാത്രയും ഏറെ സാഹസികമാണ്. രാവിലെ 9 മണിക്കാണ് ബേസ് ക്യാമ്പിൽ നിന്നും യാത്ര തുടങ്ങിയത്. ഇവിടം ചെറിയ ഒരു കാട് പോലെയാണ്. വലിയ കല്ലുകളും ഒരാൾ പൊക്കത്തിലുള്ള കുറ്റിച്ചെടികളുമാണ് ചുറ്റും. അതിനകത്തെങ്ങാനും അകപ്പെട്ടാൽ കണ്ടുപിടിക്കാൻപോലും സാധിക്കില്ല. രണ്ട് മൂന്ന് മലകൾ താണ്ടി ഞങ്ങൾ മറ്റൊരു മലയുടെ താഴ്‌വാരത്ത് ടെന്റടിച്ചു. അന്നവിടെ കിടക്കാമെന്നായി.
രണ്ട് ടെന്റാണ് ഉണ്ടാക്കിയത്. ഒന്ന് എനിക്കും മറ്റേത് കൂടെയുള്ളവർക്കും. ടെന്റൊക്കെ സൂപ്പറാണെങ്കിലും ഇവിടെ പ്രാഥമിക കർമങ്ങൾ നിർവഹിക്കാനൊന്നും സൗകര്യമില്ല. അതും തുറസായ സ്ഥലത്ത് സാധിക്കണം. ഇരുഭാഗത്തും നല്ല മഞ്ഞ് മലയാണ്. അന്ന് രാത്രി അവിടെ തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ അവിടെ നിന്നും ഫ്രഷായി വീണ്ടും യാത്ര തുടങ്ങി. പുല്ലിൽ കൂടിയുള്ള നടത്തം പലപ്പോഴും അപകടം വരുത്തുമെന്ന് തോന്നിച്ചു. കുത്തനെയുള്ള കയറ്റവും വശങ്ങളിലുള്ള കൂറ്റൻ കൊക്കയും പലപ്പോഴും പേടിയാക്കി.
ചുമലിൽ നല്ല ഭാരമുണ്ട്. ശ്വാസം പുറത്തെടുക്കാനും ബുദ്ധിമുട്ട് തോന്നി. ഉയരം കൂടുന്നതിന് അനുസരിച്ച് ഓക്‌സിജന്റെ അളവും കുറയും. കൂടെ കടുത്ത തണുപ്പും മഞ്ഞും. ഒടുവിൽ പതിയെ നടന്ന് ലേഡി ലെഗിലെത്തി. മലയുടെ ആകൃതി ഒരു പെൺകുട്ടിയുടെ കാല് പോലെയെന്നാണ് വയ്പ്. വൈകുന്നേരം 3 മണിയായി ഇവിടെയെത്താൻ. മഞ്ഞ് മൂടിയ നദിയെപ്പോലെ സുന്ദരിയായിരുന്നു ലേഡി ലെഗ്. അവിടെത്തിയാൽ വീണ്ടും മുന്നോട്ട് നടക്കാൻ തോന്നും. ശരീരം എത്ര തളർന്നാലം പ്രകൃതിയുടെ ഉൾവിളി നമ്മളെ മുന്നോട്ട് നടത്തിക്കുമെന്ന് പല സഞ്ചാരികളും പറഞ്ഞിട്ടുള്ളത് സത്യമാണെന്ന് തോന്നി. മുന്നോട്ടുള്ള കാഴ്ചകളാണല്ലോ നമ്മളെ ആകർഷിക്കുന്നത്. പക്ഷെ അധിക ദൂരം പോകാൻ കഴിയില്ലെന്നായിരുന്നു ഗയ്ഡിന്റെ ഉപദേശം.
ആദ്യം ശരീരം ആ സ്ഥലവുമായി പൊരുത്തപ്പെടണം. അത്രയും ഉയരത്തിലേക്ക് കയറുകയാണ്. അതുകൊണ്ട് ശരീരം സ്ഥലത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സമയം കൊടുക്കണം. ശരിക്കും ഒരു ദിവസം 6 മണിക്കൂർ മാത്രമേ നടക്കാൻ പാടുള്ളൂ. അത് കഴിഞ്ഞ് പൂർണമായും വിശ്രമിക്കണം. അല്ലെങ്കിൽ ശരീരം ക്ഷീണിക്കുമെന്നാണ് അവരുടെ ഉപദേശം. പക്ഷേ ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഏറ്റവും മുകളിലേക്ക് കയറാമെന്ന് തന്നെ ഞാൻ അവരോട് പറഞ്ഞു. സാബ് റെഡിയെങ്കിൽ ഞങ്ങളും റെഡിയെന്നായിരുന്നു അവരുടെ മറുപടി. അതിനിടയിൽ മഴ പെയ്‌തു. പക്ഷേ ഞങ്ങൾ രണ്ടും കൽപ്പിച്ച് നടത്തം തുടങ്ങി.
അഡ്വാൻസ്ഡ് ബേസ് ക്യാംപ്
കുത്തനെയുള്ള കയറ്റം ഏറെ ക്ഷീണിപ്പിച്ചു. ബാക്കി എല്ലാ മലകളും ചെരിഞ്ഞ് കയറാൻ സാധിക്കും. എന്നാൽ, ഇത് നേരെ തന്നെ കയറണം. ഇവിടെ ഒരൊറ്റ മല മാത്രമേ ഉള്ളൂവെങ്കിലും നല്ല ഉയരമാണ്. ഇവിടുന്ന് 3 കിലോമീറ്ററുകൂടിയുണ്ട് പീക്കിലെത്താൻ. ഗൈഡും കൂടെയുള്ളവരും ആദ്യം കയറി. അവർക്ക് സ്ഥലം നേരത്തെ പരിചയമുള്ളതിനാൽ വേഗത്തിൽ കയറി. ഇടയ്‌ക്ക് ഞാൻ ഒറ്റയ്‌ക്കായി.
ചുറ്റും മൂടൽമഞ്ഞുകാരണം ഒന്നും കാണാനില്ല. ഒരൽപ്പം പേടി തോന്നി. ഭൂനിരപ്പിൽ നിന്ന് കിലോമീറ്ററുകൾ അകലെ മനുഷ്യർ എത്തിപ്പെടാത്ത സ്വർഗ ലോകത്ത് ഞാൻ ഒറ്റയ്ക്കായിരിക്കുന്നു. ഞാൻ പതുക്കെ നടന്നുകൊണ്ടിരുന്നു. അഞ്ച് മിനിട്ട് നടന്നാൽ 10 മിനിട്ട് വിശ്രമിക്കും. കൂടെയാരോ കൈപിടിച്ചെന്നെ മലകയറ്റാനുണ്ടെന്ന തോന്നൽ ഇടയ്‌ക്കുണ്ടായി. ഒടുവിൽ ഞാൻ മുകളിലെത്തുമ്പോൾ കൂടെയുണ്ടായിരുന്നവർ ടെന്റൊക്കെ അടിച്ച് ഭക്ഷണമൊക്കെ ഉണ്ടാക്കി എന്നെ കാത്തിരിക്കുന്നു. എന്റെ അവസ്ഥ കണ്ടിട്ടാവണം എനിക്ക് പെട്ടെന്ന് തന്നെ ചായയുണ്ടാക്കി തന്നു. അവരെ നേരത്തെ പറഞ്ഞുവിട്ടത് നന്നായി എന്നെനിക്ക് തോന്നി. ഇല്ലെങ്കിൽ ആകെ പണിയാകുമായിരുന്നു.
അവസാനത്തെ ബേസ് ക്യാംപിൽ നിന്നാൽ ഫ്രണ്ട്ഷിപ്പ് പീക്ക് നന്നായികാണാം. രാത്രിയിൽ മഞ്ഞിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഫ്രണ്ട്ഷിപ്പ് പീക്കിന്റെ കാഴ്‌ച അവർണനീയമാണ്. ഭൂമിയിലെ സ്വർഗം എന്ന് വേണമെങ്കിൽ പറയാം. ഇവിടുത്ത് എട്ട് മണിക്കൂർ വേണം പീക്കിലെത്താൻ. രാത്രി മലകയറാൻ സാധിക്കില്ല. പുലർച്ചെ മൂന്ന് മണിക്ക് കയറാമെന്ന് ഗയ്ഡ് പറഞ്ഞു. മാത്രവുമല്ല കാലാവസ്ഥ മോശമാണെങ്കിൽ ബേസ് ക്യാംപിൽ തന്നെ കിടക്കും. നല്ല കാലാവസ്ഥയുണ്ടെങ്കിൽ മാത്രം മലകയറും. കാമറ ഉപയോഗിച്ച് ഇവിടുത്തെ ദൃശ്യങ്ങൾ പകർത്തിയെങ്കിലും അതിനേക്കാൾ അപ്പുറമായിരുന്നു കാഴ്‌ചകൾ. ഇടയ്‌ക്ക് കൂട്ടത്തിലൊരാൾ വന്ന് അയാളുടെ ഫോണിൽ ഒരു വീഡിയോകാട്ടിതന്നു. ഇവിടെ ഒരു തരം പുലിയുടെ ശല്യമുണ്ടെന്നും പേടിയുണ്ടെങ്കിൽ അവരുടെ കൂടെക്കിടക്കാമെന്നും പറഞ്ഞു. എന്നാൽ ഞാൻ എന്റെ ടെന്റിൽ തന്നെ കിടന്നു.
മലമുകളിലെ പുലി
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങാൻ കിടന്നു. പക്ഷേ ഉറക്കം വരുന്നില്ല. തണുപ്പുള്ള കാലാവസ്ഥ മൂലം നല്ല തലവേദനയുണ്ടായിരുന്നു. തലവേദന കടുത്താൽ മാത്രമേ മരുന്ന് കഴിക്കാവൂ എന്ന് ഗൈഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊട്ടടുത്ത ഗൈഡിന്റെ ടെന്റിൽ നിന്ന് ഇടയ്‌ക്ക് പാട്ടൊക്കെ കേട്ടിരുന്നു. പിന്നീട് കനത്ത നിശബ്‌ദത മാത്രമായി. പിന്നെയാണ് രാത്രിയുടെ ഭയാനകത വരുന്നത്.
വെള്ളച്ചാട്ടത്തിന്റെ അടുത്തുപോയി നിൽക്കുന്നത് പോലുള്ള തോന്നൽ. ഇടയ്‌ക്ക് കല്ലുകൾ ഇടിഞ്ഞുവീഴുന്ന പോലെ തോന്നി. പുലിയുടെ കാര്യം ഓർത്തപ്പോൾ പേടിതോന്നി. ഇതിനിടയിൽ എപ്പോഴോ ഉറങ്ങി. പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ നല്ല കോടമഞ്ഞുണ്ട്.
കുറച്ച് കഴിഞ്ഞ് ഞങ്ങൾ മുകളിലേക്ക് നടക്കാൻ തുടങ്ങി. മൂന്ന് നാല് മണിക്കൂറിനുള്ളിൽ ഫ്രണ്ട്ഷിപ്പ് പീക്കിന്റെ മുകളിലെത്തി. സമ്മിറ്റിലേക്ക് കയറുമ്പോൾ ചുറ്റും ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. തൊട്ടപ്പുറത്ത് നിൽക്കുന്നയാളിന്റെ മുഖം പോലും കാണാൻ കഴിയാത്ത അവസ്ഥ. എന്നിട്ടും ഞങ്ങൾ മുകളിലെത്തി.
അവിടുത്തെ കാഴ്‌ചകൾ പറഞ്ഞ് അറിയിക്കാനാവില്ല. കുറച്ച് നേരം കാഴ്‌ചകൾ കണ്ട ശേഷം ഇറങ്ങാമെന്നായിരുന്നു എന്റെ മനസിൽ. എന്നാൽ പെട്ടെന്ന് ഒരു ശബ്‌ദം കേട്ടു. അപകട സാധ്യതയുണ്ടെന്ന് ഗയ്ഡ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങി.
മലയിറക്കം
ഒരു മണിയായപ്പോൾ തിരിച്ച് അഡ്വാൻസ്ഡ് ബേസ് ക്യാംപിലെത്തി. അവിടെ കിടക്കാമെന്ന് ഗൈഡ് പറഞ്ഞെങ്കിലും ഇന്നുതന്നെ താഴേക്ക് ഇറങ്ങണമെന്ന് ഞാൻ വാശിപിടിച്ചു. മോശം കാലാവസ്ഥയും ഇത്രയും മുകളിലാണെന്ന ചിന്തയും എന്നെ അലട്ടാൻ തുടങ്ങി. മണാലിയിൽ എത്താതെ ഇനി മറ്റൊരിടത്തും താമസിക്കാൻ സ്ഥലം ലഭിക്കില്ലെന്ന് ഗയ്ഡ് പറഞ്ഞെങ്കിലും ഞാൻ പിന്മാറിയില്ല. അങ്ങനെ എന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി. ആദ്യഘട്ടത്തിൽ ഞാൻ പെട്ടെന്നായിരുന്നു മല ഇറങ്ങിയത്.
പതിയെ എന്റെ ആവേശം കുറഞ്ഞു. മലകയറുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് മലയിറക്കം. കാൽമുട്ട് വേദനിക്കാനും മസിൽ പിടിക്കാനും തുടങ്ങും. ഞാൻ ധരിച്ചിരുന്ന ട്രെക്കിംഗ് ബൂട്ട് കുറച്ച് ഹാർഡായിരുന്നു. ബൂട്ടിൽ തട്ടി കാലിലെ പെരുവിരൽ നഖം പൊട്ടിയതോടെ പിന്നെ നടക്കാൻ പറ്റാത്ത അവസ്ഥയായി. എന്നിട്ടും പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. പിന്നീട് കുത്തനെയുള്ള വഴി മാറ്റി കുറച്ച് കൂടി നല്ല വഴികളിൽ കൂടിയായി നടത്തം. ഒടുവിൽ ഞങ്ങൾ ആദ്യത്തെ ക്യാമ്പിലെത്തി.
ആറ് ദിവസത്തെ പാക്കേജിനാണ് ഞാൻ ഇവിടേക്ക് വരുന്നത്. അത് മൂന്ന് ദിവസമാക്കി വെട്ടിച്ചുരുക്കിയാണ് ഞാൻ തിരിച്ചെത്തിയിരിക്കുന്നത്. ശരിക്കും ആറ് ദിവസം ഞാൻ അവിടെ ചെലവഴിച്ചിരുന്നെങ്കിൽ കൂടെയുള്ളവർക്ക് 6000 രൂപ കിട്ടും. ഇതിപ്പോൾ മൂന്ന് ദിവസത്തേക്ക് അതിന്റെ പകുതിയേ ലഭിക്കൂ. ആദ്യത്തെ ക്യാമ്പിൽ ടെന്റടിച്ച് കിടക്കാമെന്ന് ഗൈഡ് പറഞ്ഞെങ്കിലും തിരികെ മണാലിയിൽ എത്തണമെന്ന വാശിയായിരുന്നു എനിക്ക്. ഒടുവിൽ എനിക്കൊപ്പം ടെന്റും സാധനങ്ങളും ചുമന്ന് അവരും താഴെയെത്തി. ഫ്രണ്ട്ഷിപ്പ് പീക്കിൽ നിന്ന്തിരിച്ചിറങ്ങിയപ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നി. പേടി എന്നൊരു വികാരം നമ്മുടെ ജീവിതത്തിൽ നിന്ന് പോകും.
ഫ്രണ്ട്ഷിപ്പ് പീക്കിലേക്ക് പോകുന്നവരോട്
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവിടുത്തെ സീസൺ. ഡൽഹി വരെയെത്താൽ 5000 രൂപയാണ് ശരാശരി വിമാനടിക്കറ്റ്. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് 2000 മുതൽ 4000 രൂപ വരെ ബസ് ചാർജ് ആകും. ട്രെക്കിംഗ് പാക്കേജ് 18000 രൂപയാകും. അവിടുത്തെ ചെലവൊക്കെ ഇതിലൊതുങ്ങും. ശരാശരി 32,000 രൂപയുണ്ടെങ്കിൽ ഫ്രണ്ട്ഷിപ്പ് പീക്കിലെത്തി മടങ്ങാം. ഒറ്റയ്‌ക്കോ കൂട്ടമായോ പോകാം. ഗൈഡിന്റെ സേവനം നിർബന്ധമായും ഉറപ്പാക്കണം. മലയുടെ മുകളിൽ ചെന്ന് നോക്കുമ്പോൾ താഴെയുള്ളത് പുഴയാണോ മഞ്ഞാണോ എന്ന് മനസിലാകില്ല.