to-sooraj

കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാൻ താൽപര്യമില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പാലം പൊളിക്കേണ്ടി വരുമെന്നത് വസ്‌തുതയാണെന്ന് പറഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി.

ടി.ഒ സൂരജിന് പുറമേ പാലാരിവട്ടം ഫ്‌ളൈഓവർ അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ, കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, സർക്കാർ തീരുമാനം താൻ നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്ന് ടി.ഒ സൂരജ് കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്നായിരുന്നു വിജിലൻസ് കോടതിയെ അറിയിച്ചത്. റിമാൻഡിൽ കഴിയുന്ന സൂരജിനെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. സൂരജിനെ ജയിലിൽ വച്ച് ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കു വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അനുമതി തേടി അപേക്ഷ നൽകിയത്. മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ കുരുക്കിലാക്കിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. മാത്രമല്ല, കരാർ കമ്പനിക്ക് വേണ്ടി സൂരജ് ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

അതേസമയം, ഫ്‌ളൈഓവർ അഴിമതിക്കേസിലെ ഒന്നാം പ്രതി ആർ.ഡി.എസ് പ്രൊജക്ട് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലിനെയും പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്‌തേക്കും. സുമിത് ഗോയലാണ് ഗൂഢാലോചനയുടെ അച്ചുതണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ, ടി.ഒ സൂരജിനൊപ്പം സുമിത് ഗോയലിനെ ചോദ്യം ചെയ്യില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. ചില വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. വ്യക്തമായ വിവരങ്ങൾ ശേഖരിച്ച ശേഷം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ആർ.ഡി.എസിലെ ചില ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും.


സുമിത് ഗോയലിന് എല്ലാം അറിയാം

പാലാരിവട്ടം ഫ്‌ളൈഓവർ അഴിമതിക്കേസിൽ രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്ന് ഒന്നാം പ്രതി സുമിത് ഗോയലിന് അറിയാമെന്ന് വിജിലൻസ്. സുമിത് ഗോയൽ നൽകിയ ജാമ്യാപേക്ഷയിൽ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈ.എസ്. പി ആർ. അശോക്‌ കുമാർ നൽകിയ സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം പറയുന്നത്.സുമിത് ഗോയൽ അന്വേഷണവുമായി സഹകരിക്കുന്നില്ല. പൊതുസേവകർക്ക് ഏതു മാർഗത്തിലാണ് കൈക്കൂലി നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് പ്രശ്നമുണ്ടാകുമെന്ന് ഭയന്നാണാണിത്. സുമിത് ഗോയലിന്റെ ബാങ്ക്, കമ്പ്യൂട്ടർ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളെ രക്ഷപ്പെടാൻ ഇയാൾ സഹായിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി. അതേസമയം, ഫ്‌ളൈഓവർ നിർമ്മാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സർക്കാർ നിർബന്ധിച്ചെന്ന സുമിത് ഗോയലിന്റെ വാദം ശരിയല്ല. പിടിച്ചെടുത്ത രേഖകളിലൊന്നും ഇതിന് തെളിവില്ല. വേഗം പണിതീർക്കാൻ നിർബന്ധിച്ചതിനാലാണ് മുൻകൂർ പണം വാങ്ങിയതെന്ന വാദവും ശരിയല്ലെന്ന് വിജിലൻസിന്റെ സ്റ്റേറ്റ്‌മെന്റിൽ പറയുന്നുണ്ട്.


പണം വാങ്ങി കടം വീട്ടി
കുറഞ്ഞ തുകയ്ക്ക് ഫ്‌ളൈഓവർ നിർമ്മാണ കരാർ എറ്റെടുത്ത സുമിത് ഗോയൽ സർക്കാരിൽ നിന്ന് മുൻകൂർ തുക വാങ്ങി ആർ.ഡി.എസ് പ്രൊജക്ട്സ് എന്ന കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിനിയോഗിച്ചതായാണ് വിജിലൻസ് കണ്ടത്തൽ. ഇങ്ങനെ പണം തിരിമറി ചെയ്തതോടെ ഫ്‌ളൈഓവർ നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. ഖജനാവിന് നഷ്ടമുണ്ടാക്കിയതിനു പുറമേ പാലം അപകടത്തിലായതും ഇതേതുടർന്നാണ്. അതേസമയം, സുമിത് പൊതുസേവകരെ ഒപ്പം നിറുത്താൻ കൈക്കൂലി നൽകിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.