ഐക്യരാഷ്ട്ര സഭയിലെ പൊതുസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവിടെയുള്ള ഇന്ത്യൻ വംശജർ ഒരുക്കിയ സ്വീകരണത്തെ കുറിച്ചുള്ള വാർത്തകളാൽ സമ്പന്നമാണ് മാദ്ധ്യമങ്ങളിപ്പോൾ. ഹൂസ്റ്റണിൽ തിങ്ങിനിറഞ്ഞ അരലക്ഷത്തോളം ഇന്ത്യൻ വംശജർക്ക് മുൻപിൽ 'ഭാരത് മേം സബ് അഛാ ഹേ' എന്ന് ഹിന്ദിയിലും മലയാളമുൾപ്പടെ മറ്റു ഭാഷകളിലുമായി ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ എല്ലാവർക്കും സൗഖ്യമാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ കുറിച്ച് നീണ്ട കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിരിക്കുകയാണ് മുൻ എം.പിയും സി.പി.എം നേതാവുമായ എം.ബി.രാജേഷ്.
അമേരിക്കയിലേക്ക് തിരിക്കും മുൻപ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവെന്ന ബമ്പർ ലോട്ടറിയടിച്ച വൻകിട മുതലാളിമാർക്ക് മോദി പകർന്നത് പരമാനന്ദ സുഖമാണ്. മാന്ദ്യത്തിൽ ജനലക്ഷങ്ങൾ വലയുമ്പോഴും മുതലാളിമാരുടെ കണ്ണീരൊപ്പുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തത്. നികുതി ഇളവിന്റെ മധുരം അമേരിക്കൻ മുതലാളിമാർക്ക് കൂടി നൽകാനാണ് ധനമന്ത്രി അഞ്ചാമത്തെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതെന്നും എം.ബി.രാജേഷ് പരിഹസിക്കുന്നു.
രാജ്യത്ത് കാറും ഫ്ളാറ്റും മോപ്പഡുകൾ അടക്കമുള്ള ടൂ വീലറുകളും ട്രാക്ടറും അടിവസ്ത്രവും ബിസ്‌കറ്റുമടക്കം ഉൽപ്പാദിപ്പിക്കുന്നതൊന്നും വിറ്റുപോകാത്ത അവസ്ഥയാണുള്ളതെന്നും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന നടപടികളാണ് വ്യവസായ ശാലകൾ സ്വീകരിക്കുന്നത്. ഇതിനൊക്കെ കാരണം സാധനങ്ങൾ വാങ്ങുവാൻ ജനത്തിന് കൈയ്യിൽ കാശില്ലാത്തതിനാലാണ്. പണിയും കൂലിയുമില്ലാത്തതിനാലാണ് കൈയ്യിൽ കാശില്ലാത്ത അവസ്ഥയുണ്ടാവുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ മാത്രം 30 ലക്ഷം പേർക്ക് പണി പോയെന്നും എം.ബി.രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. അവർക്കെന്തെങ്കിലും പാക്കേജുണ്ടോ?എന്നും അദ്ദേഹം ചോദിക്കുന്നു. ദേശീയ മിനിമം കൂലി 176 രൂപയിൽ നിന്ന് 2 രൂപ കൂട്ടി 178 ആക്കിയിട്ടുണ്ട്. എന്നാൽ കോർപറേറ്റുകൾക്ക് സുഖം പകരാൻ മിനിമം ഒരു ഒന്നൊന്നര ലക്ഷം കോടിയൊക്കെ വേണമെന്നും എം.ബി.രാജേഷ് പരിഹസിക്കുന്നു.