ലാഹോർ: ഭയമില്ലെന്നാവർത്തിച്ച പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പേടിച്ച് വിറച്ച് പേര് മാറ്റി. പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മർദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നാണ് റിപ്പോർട്ടുകൾ. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു കാശ്മീർ എന്നാണ് ജയ്‌ഷെ മുഹമ്മദിന്റെ പുതിയ പേര്.
രഹസ്യാന്വേഷണ ഏജൻസിയാണ് പേരുമാറ്റം കണ്ടെത്തിയത്. പാകിസ്ഥാന്റെ കരപ്രവർത്തന നിലപാടുകൾക്കെതിരെ ലോകരാജ്യങ്ങൾ ഒരേ സ്വരത്തിൽ എതിർപ്പുമായി രംഗത്ത് വന്നതിനു തൊട്ടുപിന്നാലെ പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് പേര് മാറ്റിയതെന്നാണ് വിവരം. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു കാശ്മീർ എന്ന പേരിലാകും ഇനിമുതൽ സംഘടന അറിയപ്പെടുക. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിനാണ് ഇപ്പോൾ സംഘടനയുടെ മേൽനോട്ടം.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാൻസ് അടക്കമുള്ള ലോക രാഷ്ട്രങ്ങൾ രംഗത്ത് വന്നിരുന്നു.കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുല്‍വാമ ആക്രമണത്തില്‍ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീര മൃത്യു വരിച്ചത്. പുൽവാമ ആക്രമണത്തിനു ശേഷമാണ് മസൂദ് അസ്‌ഹറിനെതിരെയുള്ള നീക്കം ഇന്ത്യ ശക്തമാക്കിയത്. പേര് മാറ്റിയെങ്കിലും മസൂദ് അസഹറിന്റെയും മറ്റുഭീകരരുടെയും ഇടപെടലുകൾ ജയ്ഷെ മുഹമ്മദിൽ ശക്തമാണെന്നു ഇന്ത്യൻ ഭീകരവിരുദ്ധ ഏജൻസിൾ വ്യക്തമാക്കി.
അതേസമയം, ബലാകോട്ടിൽ മിന്നലാക്രമണത്തിലൂടെ തകർത്ത ജയ്ഷെ ഭീകര ക്യാംപ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാന്റെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നന്നാണ് റിപ്പോർട്ട്.