ദുബായ്: 2017ൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് യാത്രക്കാരന്റെ ലഗേജിൽ നിന്ന് രണ്ട് മാമ്പഴം മോഷ്ടിച്ചതിന് അറസ്റ്റിലായ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരനെ നാടുകടത്താൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) കോടതി ഇന്ന് ഉത്തരവിട്ടു.
2017 ആഗസ്റ്റ് 11 ന് ആറ് ദിർഹാം വിലയുള്ള മാമ്പഴം മോഷ്ടിച്ചതിന് 5,000 ദിർഹം പിഴയടച്ച ശേഷം 27 കാരനായ ഇന്ത്യൻ തൊഴിലാളിയെ നാടുകടത്താനാണ് കോടതി ഉത്തരവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ചോദ്യം ചെയ്യലിനും പ്രോസിക്യൂഷൻ അന്വേഷണത്തിനും ഇടയിൽ, താൻ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3 ൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. ജോലി സമയത്ത് ദാഹം കാരണം വെള്ളം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയിലേക്ക് അയയ്ക്കേണ്ട ഒരു ഫ്രൂട്ട് ബോക്സിൽ നിന്ന് മാമ്പഴം കണ്ടതെന്നും,അത് എടുത്ത് കഴിച്ചെന്നും പ്രതി സമ്മതിച്ചു.
2018 ഏപ്രിൽ 11 ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് അറസ്റ്റ് ചെയ്യുകയും താമസസ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ മോഷ്ടിച്ച വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചില്ല.
സിസിടിവി ക്യാമറയിൽ യാത്രക്കാരന്റെ ലഗേജ് തുറന്ന് മോഷ്ടിക്കുന്നത് താൻ കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. വിധിയ്ക്കെതിരെ 15 ദിവസത്തിനകം അപ്പീൽ ചെയ്യാൻ പ്രതിക്ക് അവകാശമുണ്ട്.