
സോഷ്യൽ മീഡിയയിൽ തന്റെ പേര് ചേർത്ത് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടൻ ശ്രീനിവാസൻ രംഗത്ത്. ആറ് ഫേക്ക് അക്കൗണ്ടുകളാണ് തനിക്ക് ഫേസ് ബുക്കിലുള്ളതെന്ന് അന്വേഷണത്തിലൂടെ അറിയാൻ കഴിഞ്ഞുവെന്നും, അതിലെല്ലാം തന്നെ താൻ പറഞ്ഞുവെന്ന തരത്തിൽ പലകാര്യങ്ങളും പ്രചരിക്കുന്നതായും ശ്രീനിവാസൻ പറയുന്നു. ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മകൻ വിനീത് ശ്രീനിവാസനോട് സി.പി.എമ്മിൽ ചേരരുതെന്ന് പറഞ്ഞ തരത്തിൽ പ്രചരിച്ച ഒരു വാർത്തയെ കുറിച്ചാണ്.
'ഇന്നുവരെയും ഞാൻ വിനീതിനോട് രാഷ്‌ട്രീയം സംസാരിച്ചിട്ടില്ല. വിനീതിനോടെന്നല്ല ആരോടും പറഞ്ഞിട്ടില്ല. കാരണം ഓരോ ആളുകൾക്കും ഇവിടെ നടക്കുന്നതെന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. വിനീതിനും അങ്ങനെ ഒരു കഴിവുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഉപദേശത്തിന്റെ ആവശ്യമില്ല. ഞാൻ ആരെയും ഉപദേശിക്കാനും തയ്യാറല്ല. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്കറിയാം. എന്നെ പറ്റി ഫേക്കായി എഴുതുന്നവർക്ക് അതറിയില്ലായിരിക്കും. അവർ ഇനിയെങ്കിലും അത് മനസിലാക്കണം'- ശ്രീനിവാസൻ പറഞ്ഞു.
ശ്രീനിവാസൻ പാട്ടിയം എന്ന പേരിൽ താൻ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും. അതാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജെന്നും അദ്ദേഹം വ്യക്തമാക്കി.