ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയെപ്പറ്റി ചോദ്യം ചെയ്യാനാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
തനിക്കെതിരെ 72കാരനായ ചിന്മയാനന്ദ് നൽകിയ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുമായി ഷാജഹാൻപൂരിലെ കോടതിയിലേക്ക് പോകുന്നതിനിടയിലാണ് പൊലീസ് സംഘം യുവതിയെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരമായി ചിന്മയാനന്ദ് തന്നെ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. താൻ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി, അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ചിന്മയാനന്ദിന്റെ അനുയായികൾ തോക്കുമായി വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തന്നെ ചിന്മയാനന്ദ് ഉപദ്രവിച്ചു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നിർബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും പരാതിയിൽ പറയുന്നു.
തെളിവായി 43 വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പെൺകുട്ടി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ചിന്മയാനന്ദ് അദ്ധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി കഴിഞ്ഞമാസം സോഷ്യൽ മീഡിയലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യർത്ഥിച്ചിരുന്നു.