greta

ന്യൂയോർക്ക്: യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയിൽ മുഴങ്ങികേട്ട ഗ്രെറ്റ ട്യുൻബർഗിന്റെ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധേയമാകുന്നത്. "പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നു, ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാനുൾപ്പെടുന്ന യുവതലമുറയുടെ മുന്നിൽ പ്രതീക്ഷയർപ്പിച്ചു. എങ്ങനെ ഇതിനു ധൈര്യം വരുന്നു?"-എന്നായിരുന്നു പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുകയും ശബ്ദമുയർത്തുകയും ചെയ്ത ഗ്രെറ്റ എന്ന വിദ്യാർത്ഥിനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ചോദിച്ചത്. കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ഒറ്റിക്കൊടുക്കുന്ന ലോക നേതാക്കൾക്കെതിരെ നീരസത്തോടെ തന്നെയാണ് ഗ്രെറ്റയുടെ ചോദ്യം.

കാലാവസ്ഥാ വ്യതിയാനമോ, ആഗോള താപനമോ ഉണ്ടെന്ന വാദം ട്രംപ് പലതവണ നിഷേധിച്ചിരുന്നു. അപകടകരമായ ആഗോള താപനത്തെ അഭിസംബോധന ചെയ്യുന്നതിന് പുതിയ നൂതന മാർഗങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ ലോക രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ ഉച്ചകോടിക്കിടെ പറയുകയുണ്ടായി. ‘ഇപ്പോഴും ഇതുപോലെ പറയാനുള്ള പക്വത നിങ്ങൾക്കില്ല. നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. എന്നാൽ നിങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കൾ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും’ പറഞ്ഞുകൊണ്ടാണ് ഗ്രെറ്റ തന്റെ ഉച്ചകോടിയിൽ പ്രസംഗം ആരംഭിച്ചത്.

'ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ ലോകത്തിന്റെ മറ്റൊരറ്റത്ത് സ്കൂളിൽ ഇരിക്കേണ്ട കുട്ടിയാണ്. എന്നിട്ടും ഞങ്ങളെപ്പോലുള്ള യുവജനങ്ങളിൽ പ്രതീക്ഷ തേടി നിങ്ങൾ വരുന്നു. ഇതിന് നിങ്ങൾക്ക് എങ്ങനെ ധൈര്യം വരുന്നു? നല്ല ക്ഷോപത്തോടെതന്നെയാണ് അവൾ പറഞ്ഞത്. ഉച്ചകോടിക്കിടെ ട്രംപിനോടുള്ള പെരുമാറ്റമാണ് കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. യുഎസ് പ്രസിഡന്റ് വേദിയിലേക്ക് കയറിവന്നപ്പോൾ ഗ്രേറ്റ നെറ്റിചുളിച്ച് ചുണ്ട് കടുപ്പിച്ച് രൂക്ഷമായി നോക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി.

കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തിയ ഗ്രെറ്റയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന കാലാവസ്ഥാ സമരത്തിൽ ലക്ഷക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. സമരം തിങ്കളാഴ്ചയും തുടരുകയും ഗ്രെറ്റയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘം, ഐക്യരാഷ്ട്ര സംഘടനയ്ക്ക് വിവിധ ലോകരാജ്യങ്ങൾക്കെതിരെ പരാതി നൽകുകയും ചെയ്തു.

ലോകനേതാക്കളെ ചോദ്യമുനയിൽ നിർത്തുകയും ഇങ്ങനെപോയാൽ നാളെയെന്തെന്ന് ലോകജനതയെ ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്ത സ്വീഡൻ സ്വദേശിയായ ഗ്രെറ്റ ട്യുൻബർഗ് പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സമരങ്ങളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയുമാണ് ലോകശ്രദ്ധ നേടിയത്.