shibhubaby-john

അതിമനോഹരമായ ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന തുർക്കിയിൽ യാത്ര ചെയ്യവേ മനസിലുടക്കിയ കാഴ്ചയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയാണ് മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബിജോൺ. കാഴ്ചകളൊക്കെ കണ്ട് തിരികെ റൂമിലേക്ക് മടങ്ങവേയാണ് ഹൃദയ ഭേദകമായ ആ കാഴ്ച കാണേണ്ടി വന്നത്.


പർദ്ദയിട്ട ഒരു സ്ത്രീ കൈകുഞ്ഞുമായി ചവറ്റുകൊട്ടയിൽ ഭക്ഷണം തേടുന്നതായിരുന്നു ആ കാഴ്ച.
ഹൃദയഭേദകമായ ഇത്തരമൊരു കാഴ്ച തുർക്കി പോലൊരു രാജ്യത്ത് എന്ത് കൊണ്ട് കണ്ടുവെന്ന അന്വേഷണത്തിനൊടുവിൽ മനസിലാക്കാനായത് അയൽരാജ്യമായ സിറിയയിൽ നിന്ന് പലായനം ചെയ്ത് തുർക്കിയിലെത്തിയ അമ്പത് ലക്ഷത്തോളം വരുന്നവരുടെ ദാരിദ്ര്യത്തെക്കുറിച്ചാണെന്നും അദ്ദേഹം എഴുതുന്നു. മനസാക്ഷിയുള്ളവർ തീർച്ചയായും സിറിയൻ ജനതക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുറച്ചു ദിവസമായി തുർക്കിയിൽ.... ലക്ഷകണക്കിന് ടൂറിസ്റ്റുകൾ വരുന്ന മനോഹര രാജ്യം, ആതിഥ്യമര്യാദ ഏറെയുള്ള സ്ഥലം.... ഈ പ്രകൃതിരമണീയ രാജ്യത്തെ കാഴ്ചകൾക്കിടയിൽ മനസ്സിൽ ഉടക്കിയ ചില കാഴ്ച്ചകൾ നിങ്ങളുമായി പങ്കുവെക്കുന്നു.!

വൈകുന്നേരം റൂമിലേക്ക് മടങ്ങുമ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ ഇടുന്ന ചവറ്റുകൊട്ടയിൽ (waste bin) രണ്ട് കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി തിരയുന്നത് കണ്ടു.... നേരം വൈകിയ ശേഷം മറ്റൊരു സ്ഥലത്ത് പർദ്ദയിട്ട ഒരു സ്ത്രീ കൈകുഞ്ഞുമായി ചവറ്റുകൊട്ടയിൽ ഭക്ഷണം തേടുന്നതും കണ്ടൂ.... വളരെ ഹൃദയഭേദകമായി തോന്നി, ഈ രാജ്യത്ത് ഇങ്ങനെ ഒരു കാഴ്ച്ച ഒട്ടും പ്രതീക്ഷിച്ചില്ല, മനസ്സിനെ വല്ലാതെ അസ്വസ്ഥത പെടുത്തുന്ന ഈ കാഴ്ച്ച ക്യാമറയിൽ പകർത്താൻ മനസാക്ഷി അനുവദിച്ചില്ല.!

ഇതിന്റെ കാരണം അറിയണമെന്ന് മനസ്സുപറഞ്ഞു, ഇതിനെക്കുറിച്ച് അന്വേഷിച്ചു.... ഏകദേശം 50 ലക്ഷത്തോളം അഭയാർത്ഥികൾ ആണ് അയൽരാജ്യമായ സിറിയയിൽ നിന്ന് പലായനം ചെയ്ത് തുർക്കിയിൽ എത്തിയിരിക്കുന്നത്.!

ലോകമെമ്പാടുമുള്ള സിറിയൻ ജനത നമ്മുടെ മുന്നിൽ അതിജീവനത്തിനുള്ള കഠിന പ്രയത്നത്തിലാണ്.... ലോകമനസാക്ഷി കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... മനസാക്ഷിയുള്ളവർ തീർച്ചയായും സിറിയൻ ജനതക്കൊപ്പം നിൽക്കണം.!