കോടികളുടെ വ്യവഹാരം നടക്കുന്ന മേഖലയാണ് അഡ്‌വർടൈസിംഗ് സെക്‌ടർ അഥവാ പരസ്യമേഖല. ഒരുപക്ഷത്തെ ലോകത്ത് ഏറ്റവുംമധികം മത്സരം നടക്കുന്ന മേഖലകളിൽ ഒന്നായി തന്നെ അഡ്‌വർടൈസിംഗ് രംഗത്തെ കാണണം. മികച്ച ഒരു ആശയം എത്രയും ചുരുക്കത്തിൽ പ്രേക്ഷകന് മുന്നിൽ എത്തിക്കാൻ കഴിയുന്നിടത്താണ് ഒരു പരസ്യത്തിന്റെ വിജയം. സിനിമാ- കായികതാരങ്ങടക്കമുള്ള സെലിബ്രിറ്റികൾക്കെല്ലാം തന്നെ ഇന്ന് പരസ്യ വിപണി ഒരു വമ്പൻ വരുമാന മാർഗമായി മാറിക്കഴിഞ്ഞു. കോടികളുടെ പ്രതിഫലമാണ് ലോകോത്തരതാരങ്ങൾക്ക് തങ്ങളുടെ മുഖമൊന്ന് കാണിക്കുന്നതിനായി ലഭിക്കുന്നത്.
എല്ലായിടത്തെയും പോലെ തന്നെ നമ്മുടെ മലയാള സിനിമാതാരങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് പരസ്യ വിപണി വഹിക്കുന്നുണ്ട്. വസ്‌ത്രം, ആഭരണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങി വിപണിയിൽ മിന്നിമറയുന്ന താരങ്ങൾ നിരവധിയുണ്ട് മലയാളത്തിന്. എന്നാൽ പരസ്യ ചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നടൻ ആരായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മമ്മൂട്ടി, മോഹൻലാൽ എന്നീ പേരുകളാണ് മനസിൽ വരുന്നതെങ്കിൽ പറയട്ടെ, അല്ല എന്നതാണ് ഉത്തരം. സൂപ്പർതാരങ്ങൾക്കെല്ലാം മുമ്പ് മലയാളത്തിന്റെ മഹാനടൻ മധുവായിരുന്നു പരസ്യചിത്രത്തിലെ ആദ്യ നായകൻ. വർഷങ്ങൾക്ക് മുമ്പ് ഒരു സിഗരറ്റിന്റെ പരസ്യത്തിലായിരുന്നു മധു ആദ്യമായി മലയാളത്തിന് പരസ്യ വിപണിയെ പരിചയപ്പെടുത്തിയത്.