കൊച്ചി: കേരളത്തിലെ യുവാക്കളെ ഫിറ്റ്‌നസ് രംഗത്തെ ആഗോള തൊഴിൽ അവസരങ്ങളിലേക്ക് ആകർഷിക്കാൻ മുംബയ് ആസ്ഥാനമായുള്ള കെ11അക്കാഡമി ഒഫ് ഫിറ്റ്‌നസ് സയൻസും ബാസ്‌കറ്റ് ബാൾ താരം വിജോബി വക്കച്ചനുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ പരിശീലന പരിപാടികൾ കേരളത്തിൽ വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് ഫിറ്റ്‌നസ് പരിശീലകനും കെ11 അക്കാഡമി സ്ഥാപകനുമായ കെയ്‌സാദ് കപാഡിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത 10 വർഷത്തിനകം 50,000 ഫിറ്റ്‌നസ് വിദഗ്ദ്ധരെ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. രജിസ്‌റ്റർ ഫോർ എക്‌സർസൈസ് പ്രൊഫഷണൽസ് ഇന്ത്യ ഫൗണ്ടേഷന്റെയും രാജ്യാന്തര തലത്തിലെയും അംഗീകാരമുള്ള ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ് കെ11 അക്കാഡമി. ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് പേഴ്‌സണൽ ട്രെയിനിംഗ് ഡിപ്ളോമ എടുക്കുന്നവർക്ക് ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, അയർലൻഡ്, പോളണ്ട്, യു.എ.ഇ എന്നിവിടങ്ങളിൽ മറ്റു സർട്ടിഫിക്കറ്റുകൾ കൂടാതെ പരിശീലകരാകാമെന്നും അദ്ദേഹം പറഞ്ഞു.