mango

ദുബായ്: ദുബായ് വിമാനത്താവളത്തിൽ ഒരു യാത്രക്കാരന്റെ ബാഗേജിൽ നിന്ന് രണ്ട് മാമ്പഴം മോഷ്‌ടിച്ച ഇന്ത്യൻ തൊഴിലാളിയെ നാടുകടത്താനും 5000 ദിർഹം പിഴ ഈടാക്കാനും യു.എ.ഇ കോടതി ഉത്തരവിട്ടു.

വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലെ തൊഴിലാളിയായിരുന്ന 27കാരനാണ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ മാമ്പഴം മോഷ്‌ടിക്കുമ്പോൾ കൈയോടെ പിടിയിലായത്. യാത്രക്കാരുടെ ബാഗേജുകൾ കൺവെയർ ബെൽറ്റിൽ എടുത്തു വയ്ക്കുന്ന ജോലിയായിരുന്നു ഇയാൾക്ക്. ദാഹിച്ച് വെള്ളം നോക്കിയതാണെന്നും മാമ്പഴം കണ്ടപ്പോൾ എടുത്തതാണെന്നും അയാൾ സമ്മതിച്ചിരുന്നു. ആറ് ദിർഹമായിരുന്നു അന്ന് രണ്ട് മാമ്പഴത്തിന്റെ വില. അതായത് 115 രൂപ. ഇയാൾ 5,000 ദിർഹമാണ് പിഴ അടയ്‌ക്കേണ്ടത്. ഏകദേശം 97,000 രൂപ.

മാങ്ങ മോഷ്‌ടിക്കുന്നത് സി.സി ടിവി കാമറയിൽ കണ്ട സെക്യൂരിറ്റി ഓഫീസറുടെ മൊഴിയാണ് ഇയാളെ കുടുക്കിയത്.

കോടതി വിധിക്കെതിരെ പതിനഞ്ച് ദിവസത്തിനകം ഇയാൾക്ക് അപ്പീൽ നൽകാം.