crude-oil

 പെട്രോൾ, ഡീസൽ ഇറക്കുമതി കുറഞ്ഞു

ന്യൂഡൽഹി: ആഗസ്‌റ്റിൽ ഇന്ത്യ 19.66 മില്യൺ ടൺ ക്രൂഡോയിൽ ഇറക്കുമതി ചെയ്‌തുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട്. കഴിഞ്ഞ നാലുമാസത്തെ ഏറ്റവും ഉയർന്ന ഇറക്കുമതിയാണ്. 2018 ആഗസ്‌റ്റിനെ അപേക്ഷിച്ച് 5.5 ശതമാനമാണ് വർദ്ധന. ഈ വർഷം ജൂലായിൽ ഇറക്കുമതി 19.34 മില്യൺ ടൺ ആയിരുന്നു.

കപ്പലുകൾ ഉപയോഗിക്കുന്ന ഫ്യുവൽ ഓയിൽ ഇറക്കുമതി എട്ടുവർഷത്തെ ഉയരമായ 3.06 ലക്ഷം ടണ്ണിലെത്തി. നാഫ്‌ത ഉൾപ്പെടെയുള്ള എണ്ണ ഉത്‌പന്നങ്ങളുടെ ഇറക്കുമതി വർദ്ധന 23.2 ശതമാനമാണ്. ഡീസൽ ഇറക്കുമതി 55 ശതമാനം കുറഞ്ഞ് 51,000 ടണ്ണായി. കഴിഞ്ഞ ഡ‌ിസംബറിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന ഇറക്കുമതിയാണിത്. പെട്രോൾ ഇറക്കുമതി 29 ശതമാനം താഴ്‌ന്ന് 1.74 ലക്ഷം ടണ്ണിലുമെത്തി.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി കയറ്റുമതി 2018 ആഗസ്‌റ്റിനെ അപേക്ഷിച്ച് കഴിഞ്ഞമാസം 5.2 ശതമാനം കുറഞ്ഞു. എൽ.പി.ജി കയറ്റുമതി കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തി.

80%

ഉപഭോഗത്തിനുള്ള ക്രൂഡോയിലിൽ 80 ശതമാനവും പുറത്തുനിന്ന് വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.

12%

ക്രൂഡോയിൽ ഉപഭോഗത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്തും ഏഷ്യയിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനത്തുമാണ് ഇന്ത്യ. ആഗോള ക്രൂഡോയിൽ ഉപഭോഗത്തിൽ 12 ശതമാനവും ചൈനയും ഇന്ത്യയിലുമായാണ്.

പെട്രോൾ, ഡീസൽ

വിലയിൽ കുതിപ്പ്

പെട്രോൾ വില (തിരുവനന്തപുരം) ഇന്നലെ 23 പൈസ ഉയർന്ന് 77.56 രൂപയിലെത്തി. 15 പൈസ വർദ്ധിച്ച് ഡീസൽ വില 72.17 രൂപയായി. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോൾ വിലയിലുണ്ടായ വർദ്ധന 2.15 രൂപയാണ്. ഡീസലിന് 1.73 രൂപയും കൂടി.

ക്രൂഡോയിൽ വില

താഴേക്ക്

സൗദി ആരാംകോയുടെ എണ്ണ ഉത്പാദകശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർ‌ന്ന് കഴിഞ്ഞ 16ന് ബാരലിന് 71.95 ഡോളറിലേക്ക് കുതിച്ചുയർന്ന ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം ഇന്നലെ 62.77 ഡോളറിലായിരുന്നു. ഉത്‌പാദനം പ്രതീക്ഷിച്ചതിലും വേഗം പുനരാരംഭിക്കുമെന്ന ആരാംകോയുടെ പ്രഖ്യാപനമാണ് വില കുറയാൻ കാരണം.