chinmayanand

ലക്‌നൗ: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഷാജഹാൻപൂരിലെ നിയമവിദ്യാർത്ഥിനിയെ പണം തട്ടിയെടുക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ചിന്മയാനന്ദ് നൽകിയ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചിന്മയാനന്ദ് നൽകിയ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് സംഘം യുവതിയെ തടഞ്ഞുനിറുത്തി കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഇന്നലെ വൈകിട്ട് നാലോടെ യുവതിക്ക് കീഴ്ക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം പാളി.

'യുവതിയെ അറസ്റ്റ് ചെയ്തെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും യുവതിക്ക് ഇതുവരെ നോട്ടീസ് പോലും ലഭിച്ചില്ലെന്നും" അഭിഭാഷകൻ പിന്നീട് വ്യക്തമാക്കി.

കേസിൽ യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ സച്ചിൻ, വിക്രം, സഞ്ജയ് സിംഗ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നാലാം പ്രതിയാണ് പരാതിക്കാരി.

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജി കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക്‌ പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചാണിത്. കേസന്വേഷണത്തിൽ തൃപ്തി അറിയിച്ച കോടതി പരാതിക്കാരിക്ക് കീഴ്ക്കോടതിയെ സമീപിക്കാമെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർത്ഥിനിയായിരുന്ന തന്നെ ഭീഷണിപ്പെടുത്തി ഒരുവർഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ആരോപിച്ച് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നൽകുകയായിരുന്നു.

കേസിൽ അറസ്റ്റിലായ ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നിലവിൽ ഷാജഹാൻപൂർ ജയിലിലാണുള്ളത്. എന്നാൽ, ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. പകരം, ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

 ചിന്മയാനന്ദിന്റെ പീഡനത്തിൽ നിന്നും എന്നെ സംരക്ഷിച്ചവരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. 'പണം തട്ടിയെന്ന' കേസിൽ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഈ നാടകമൊക്കെ എന്റെ ബലാത്സംഗപരാതിയിൽ വെള്ളം ചേർക്കാനാണ്.