siachen

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിൻ ഗ്‌ളേസിയർ (ഹിമാനി) ഇനി സാധാരണക്കാർക്കും സന്ദർശിക്കാം. കർശന നിയന്ത്രണങ്ങളുടെ ഭാരമില്ലാതെ പ്രതികൂല കാലാവസ്ഥയിൽ ഇന്ത്യൻ സൈനികർ നേരിടുന്ന പ്രതിസന്ധികളും ദൈനംദിന വെല്ലുവിളികളും നേരിട്ട് കണ്ട് മനസിലാക്കാം. ഇന്ത്യൻ സൈന്യത്തിന്റേതാണ് ഈ നൂതന പദ്ധതി. ജമ്മു കാശ്മീരിൽ നിന്ന് വേർപെടുത്തി ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയതിന് പിന്നാലെയാണ് സിയാച്ചിൻ ഗ്ലേസിയർ (ഹിമാനി) തുറന്നുകൊടുക്കാനൊരുങ്ങുന്നത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ലഡാക്കിലേക്ക് സാധാരണക്കാർക്കും യാത്രികർക്കും പർവതാരോഹകർക്കും പ്രവേശന അനുമതിയില്ലായിരുന്നു.

സൈനിക ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് മനസിലാക്കാനുള്ള ജനങ്ങളുടെ ആകാംക്ഷ വർദ്ധിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു.

'പരിശീലന കേന്ദ്രങ്ങളും സ്ഥാനങ്ങളും സന്ദർശിക്കാൻ ജനങ്ങൾക്ക് അനുവാദം നൽകും. സിയാച്ചിൻ ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ പദ്ധതിയുണ്ട്. എന്നാൽ, ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ല. ഏതൊക്കെ പ്രദേശങ്ങളാണ് ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല' സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എതിർപ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'സിയാച്ചിൻ മേഖലകൾ മുഴുവനും ഇന്ത്യയുടെ ഭാഗമാണെന്നും പാകിസ്ഥാന് വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു മറുപടി.