ബംഗളുരു:ഭ്രമണപഥത്തിലുള്ള ഇന്ത്യൻ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെ അവശിഷ്‌ടങ്ങളുമായി കൂട്ടിയിടിക്കാതെ രക്ഷിക്കാൻ നാനൂറ് കോടി രൂപ ചെലവുള്ള 'നേത്ര' പദ്ധതിക്ക് ഐ. എസ്. ആർ. ഒ കഴിഞ്ഞ മാസം തുടക്കം കുറിച്ചു.
ചന്ദ്രയാൻ രണ്ടിന്റെ തിരിച്ചടിക്കിടെ നിശബ്ദമായാണ് പദ്ധതി തുടങ്ങിയത്.ശത്രുവിന്റെ മിസൈൽ ആക്രമണവും ബഹിരാകാശത്തു നിന്നുള്ള ആക്രമണവും മനസിലാക്കാനുള്ള രഹസ്യ ലക്ഷ്യവും ഇതിനുണ്ട്.
നേത്ര (നെറ്റ്‌വർക്ക് ഫോർ സ്‌പെയ്‌സ് ഒബ്ജെക്‌റ്റ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് )
പൂർണമാവുന്നതോടെ അമേരിക്കയെ പോലുള്ള ബഹിരാകാശ ശക്തികൾക്കുള്ള ഈ ശേഷി ഇന്ത്യയ്‌ക്കും കൈവരും. തുടക്കത്തിൽ താഴ്ന്ന ഭ്രമണപഥത്തിൽ ( ലോ എർത്ത് ഓർബിറ്റ് ) ഉള്ള റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾക്കായിരിക്കും സംരക്ഷണ കവചം തീർക്കുക.
മരിച്ച ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും അവശിഷ്‌ടങ്ങൾ വർഷങ്ങളോളം ഭ്രമണപഥത്തിൽ ഉണ്ടാവും. ഇവയുടെ ഒരു ചെറിയ കഷണം ഇടിച്ചാൽ മതി കോടിക്കണക്കിന് രൂപ ചിലവിട്ട് നിർമ്മിച്ച ഉപഗ്രഹങ്ങളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും കേടാകാൻ. അതോടെ ഉപഗ്രഹങ്ങൾ ഉപയോഗ ശൂന്യമാകും.
ബഹിരാകാശ അവശിഷ്‌ടങ്ങളുമായി കൂട്ടിയിടിക്കാതെ ഉപഗ്രഹങ്ങളുടെ ഗതി മാറ്റുന്ന ഓപ്പറേഷൻ ഇപ്പോൾ തന്നെ ഐ. എസ്. ആർ. ഒ ചെയ്യുന്നുണ്ട്. അമേരിക്കയുടെയും
കാനഡയുടെയും സംയുക്ത വ്യോമ പ്രതിരോധ ഏജൻസി ( നോർത്ത് അമേരിക്കൻ എയ്‌റോ സ്പേസ് ഡിഫൻസ് കമാൻഡ് - നൊറാഡ് ) നൽകുന്ന ഡാറ്റ ആണ് ഇതിന് ഉപയോഗിക്കുന്നത്.
നേത്ര ഇങ്ങനെ
തുടക്കത്തിൽ ബഹിരാകാശത്ത് 3400 കിലോമീറ്റർ വരെ ഉയരത്തിൽ 2,000 കിലോമീറ്റർ ചുറ്റളവിൽ കറങ്ങുന്ന പത്ത് സെന്റീമീറ്റർ വരെ ചെറിയ വസ്‌തുക്കളെ കണ്ടെത്താനും പിന്തുടരാനും കഴിയും.
ഭാവിയിൽ കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥങ്ങളും നേത്രയുടെ പരിധിയിൽ വരും.
റഡാറുകളും ടെലസ്കോപ്പുകളും ഡാറ്റാ വിശകലന യൂണിറ്റുകളും കൺട്രോൾ സെന്ററും ഉൾപ്പെടുന്ന ശൃംഖല സ്ഥാപിക്കും.
ലേയിൽ അതീവ കൃത്യതയുള്ള ദീർഘദൂര ടെലസ്‌കോപ്പും വടക്കുകിഴക്കൻ മേഖലയിൽ റഡാറും സ്ഥാപിക്കും
ശ്രീഹരിക്കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള മൾട്ടി ഒബജക്‌ട് ട്രാക്കിംഗ് റഡാറും കേരളത്തിലെ പൊന്മുടിയിലും രാജസ്ഥാനിലെ മൗണ്ട് അബുവിലും ഉള്ള ടെലസ്‌കോപ്പുകളും ബഹിരാകാശ നിരീക്ഷണത്തിന് ഉപയോഗിക്കും
സൈനിക ഉപയോഗം
ആകാശ - ബഹിരാകാശ - കടൽ ആക്രമണങ്ങൾ അറിയാം.
ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്താം
ഇന്ത്യൻ ഉപഗ്രഹങ്ങൾ
36,000 കിലോമീറ്റർ ഭൂസ്ഥിര ഭ്രമണപഥത്തിൽ 15 കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ
2,000 കിലോമീറ്റർ വരെയുള്ള താഴ്‌ന്ന ഭ്രമണപഥങ്ങളിൽ 13 റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ
ഇടത്തരം ഭ്രമണപഥങ്ങളിൽ 8 ഗതിനിർണയ ഉപഗ്രഹങ്ങൾ