ന്യൂയോർക്ക്: അന്താരാഷ്ട്ര വേദികളിൽ ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി വിമർശിച്ചു. ഭീകരാക്രമണങ്ങൾ ലോകത്തെവിടെ നടന്നാലും അത് ഭീകരപ്രവർത്തനമായി തന്നെ കാണണം. നല്ല ഭീകരതയും മോശം ഭീകരതയും ഇല്ല. ഭീകരർക്ക് പണവും ആയുധങ്ങളും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഭീകരപ്രവർത്തനത്തെ പറ്റി നടന്ന ലോക നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ ലോകം ഒരുമിച്ച് നേരിടുന്നതുപോലെ ഭീകരതയെയും ഒരുമിച്ച് എതിർക്കണം ഇതിനായി യു.എൻ, ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സംവിധാനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഭീകരർക്ക് പണവും ആയുധങ്ങളും ലഭിക്കാൻ അനുവദിക്കരുതെന്നും മോദി പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങൾ, വൈവിദ്ധ്യങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയാണ് ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട ആയുധങ്ങൾ. ഭീകരതയെ ഫലപ്രദമായി നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും വിവരങ്ങളുടെ കൈമാറ്റവും ശക്തമാക്കണം. ഭീകരരെ പറ്റിയുള്ള വിവരങ്ങൾ ഓൺലൈനിൽ നിന്ന് തുടച്ച് നീക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ലൈവായി ഓൺലൈനിൽ പോസ്റ്റ് ചെയ്ത് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തെ ആസ്പദമാക്കയാണ് ഇത്തരത്തിൽ ഒരു പദ്ധതി തയ്യാറാക്കിയത്. ഭീകരവാദത്തെ സൈബർ ലോകത്തും നിന്നും തുടച്ചു നീക്കാനുള്ള യജ്ഞത്തിൽ ഇന്ത്യയും പങ്കാളിയാവും.