borris

ലണ്ടൻ: ബ്രെക്സിറ്റ് പ്രശ്നം കൊടുമ്പിരിക്കൊണ്ടിരിക്കെ അഞ്ച് ആഴ്ചത്തേക്ക് ബ്രിട്ടീഷ് പാർലമെന്റ് സസ്‌പെൻഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നടപടി നിയമവിരുദ്ധമെന്ന് യു.കെ സുപ്രീംകോടതി. നടപടി അർത്ഥശൂന്യവും ഫലമില്ലാത്തതുമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി പാർലമെന്റ് അംഗങ്ങൾക്ക് അടുത്ത് തന്നെ കൂടിച്ചേരാനാകുമെന്നും പറഞ്ഞു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാർ നടപ്പാവാൻ ആഴ്ചകൾ ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെപ്തംബർ 10 മുതൽ ഒക്ടോബർ 14 വരെ പാർലമെന്റ് സസ്‌പെൻഡ് ചെയ്തത്. ബ്രെക്സിറ്റ് ചർച്ചകൾക്കുള്ള സമയം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഒക്ടോബർ 31ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നിരിക്കേ അഞ്ചാഴ്ചത്തേക്ക് പാർലമെന്റ് പ്രവർത്തനം നിറുത്തിവച്ചത് അട്ടിമറിയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഒക്ടോബർ 14ന് പാർലമെന്റ് സമ്മേളനം ആരംഭിക്കും. ഇതനുസരിച്ച് ബ്രെക്സിറ്റ് സംബന്ധിച്ച ചർച്ചകൾക്കായി എം.പിമാർക്ക് രണ്ടാഴ്ച മാത്രമാണ് സമയം ലഭിക്കുക.

പ്രധാനമന്ത്രിയുടെ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷത്തുള്ള ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ വ്യക്തമാക്കിയിയിരുന്നു. കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നതിനോടു പാർലമെന്റിലെ ഭൂരിപക്ഷം എം.പിമാർക്കും യോജിപ്പില്ല. കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ഭേദഗതി നേരത്തേ രണ്ടുതവണ എം.പി.മാർ വോട്ടിനിട്ടു തള്ളിയിരുന്നു.