ന്യൂഡൽഹി: കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പി.എം. കിസാൻ) രജിസ്‌ട്രേഷൻ സംസ്ഥാനങ്ങളെ ഒഴിവാക്കി നേരിട്ട് നടത്താൻ കേന്ദ്രം ഒരുങ്ങുന്നു. നിലവിൽ സംസ്ഥാന സർക്കാർ ഏജൻസികളാണ് കർഷകരുടെ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് കൈമാറുന്നത്. ഇതിനു പകരം, പി.എം. കിസാൻ പോർട്ടലിലൂടെ കർഷകർക്ക് നേരിട്ട് രജിസ്‌ട്രേഷൻ നടത്താനുള്ള സംവിധാനം ഉടൻ വരും.
ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കൃഷിഭൂമിയുടെ രേഖകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്‌ത് പോർട്ടലിൽ കർഷകന് തന്നെ രജിസ്‌ട്രേഷൻ നടത്താം. ഈ രേഖകൾ കേന്ദ്രം പരിശോധിച്ച്, സംസ്ഥാനങ്ങളുടെ അംഗീകാരത്തിനായി കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയായാൽ കുടിശിക ഉൾപ്പെടെ തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ കൈമാറും.
ഉദ്യോഗസ്ഥതല കാലതാമസങ്ങളും രാഷ്‌ട്രീയ ഇടപെടലുകളും ഒഴിവാക്കി, ഉടൻ ആനുകൂല്യം കൈപ്പറ്റാൻ കർഷകരെ ഓപ്പൺ രജിസ്‌ട്രേഷൻ സഹായിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ബംഗാളിൽ 70 ലക്ഷം കർഷകർ യോഗ്യരാണെങ്കിലും ഉദ്യോഗസ്ഥതല അനാസ്ഥമൂലം അവർക്ക് പണം കിട്ടുന്നില്ലെന്ന് ഉദാഹരണമായി കേന്ദ്രം ചൂണ്ടിക്കാട്ടി. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുള്ളവർക്ക് മാത്രമേ പദ്ധതിയുടെ മൂന്നാംഗഡുവായി 2,000 രൂപ വീതം ഇനി ലഭിക്കൂ. കുടിശികയായ മൂന്നാംഗഡു വിതരണം നവംബറിലുണ്ടായേക്കും.
പി.എം. കിസാൻ
പ്രതിവർഷം 6,000 രൂപ 12 കോടി ചെറുകിട - ഇടത്തരം കർഷകർക്ക് നൽകുന്ന പദ്ധതിയായാണ് മോദി സർക്കാർ പി.എം കിസാൻ സമ്മാൻ നിധിക്ക് തുടക്കമിട്ടത്. ഇതിനായി 75,000 കോടി രൂപയും വകയിരുത്തി. പിന്നീട്, മൊത്തം 14.5 കോടിപ്പേരിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. നടപ്പുവർഷം പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് 87,217 കോടി രൂപയാണ്.
3.66 കോടി
കഴിഞ്ഞ ജൂൺവരെയുള്ള കണക്കുപ്രകാരം കേരളത്തിൽ നിന്നുള്ള 11.65 ലക്ഷം ഉൾപ്പെടെ ആകെ 3.66 കോടി കർഷകർ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 1.20 കോടിപ്പേരുമായി ഉത്തർപ്രദേശാണ് മുന്നിൽ.
₹21,000 കോടി
മൂന്ന് ഗഡുക്കളായി ഇതിനകം 21,000 കോടി രൂപ കർഷകർക്ക് കേന്ദ്രസർക്കാർ കൈമാറിയിട്ടുണ്ട്.