അമൃത്സർ: ഇന്ത്യാ-പാക് അതിർത്തിയിൽ ആയുധങ്ങൾ എത്തിക്കുന്ന പാകിസ്ഥാൻ ഡ്രോണുകളുടെ കാര്യത്തിൽ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. തന്റെ ട്വീറ്റിൽ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് പഞ്ചാബ് മുഖ്യമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള ഇന്ത്യയുടെ തീരുമാനത്തിനോടുള്ള പാകിസ്ഥാന്റെ പ്രതികരണമാണ് ഈ 'കുടില നീക്കങ്ങളെ'ന്നും അമരീന്ദർ സിംഗ് തന്റെ ട്വീറ്റിലൂടെ പറയുന്നു. അതിർത്തി പ്രദേശങ്ങളിൽ ആയുധങ്ങൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇന്ത്യയ്‌ക്കെതിരെയുള്ള അവരുടെ നീക്കങ്ങൾക്ക് പ്രത്യേക മാനം നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരവാദ സംഘടനയായ ഖാലിസ്ഥാൻ സിന്ദാബാദ് സേനയുടെ ഒരു സെൽ പഞ്ചാബ് പൊലീസ് കണ്ടെത്തിയെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഈ അഭ്യർത്ഥന. പാകിസ്ഥാനും ഒരു ജർമൻ ഭീകരവാദ ഗ്രൂപ്പുമാണ് ഖാലിസ്ഥാൻ സിന്ദാബാദ് സേനയെ പിന്തുണയ്ക്കുന്നതും അവർക്ക് സഹായം എത്തിക്കുന്നതും. പഞ്ചാബിൽ ഉടനീളം ഭീകരാക്രമണങ്ങൾ നടത്താൻ ഇവർക്ക് പദ്ധതിയുള്ളതായി വിവരമുണ്ട്. ഇതിനായാണ് പാകിസ്ഥാൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകളും പാകിസ്ഥാൻ രഹസ്യ ഏജൻസിയായ ഐ.എസ്.ഐയും ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളും ചേർന്ന് ഡ്രോണുകളെ ഉപയോഗിച്ച് അതിർത്തിയിൽ ആയുധങ്ങൾ എത്തിക്കുന്നത്. പാകിസ്ഥാന്റെ ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമസേനയോടും അതിർത്തി സുരക്ഷാ സേനയോടും പഞ്ചാബ് മുഖ്യമന്ത്രി അഭ്യർത്ഥന നടത്തിയിട്ടുണ്ട്.