ss

തിരുവനന്തപുരം: സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ്108' ആംബുലൻസിന്റെ ആദ്യഘട്ടത്തിലെ 101 ആംബുലൻസുകൾ ഇന്നു നിരത്തിലിറങ്ങുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആകെ 315 ആംബുലൻസുകളിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 101 ആംബുലൻസുകളുടെ സേവനങ്ങളാണ് ഇപ്പോൾ ലഭിക്കുക . തിരുവനന്തപുരം 28, കൊല്ലം 10, ആലപ്പുഴ 18, പത്തനംതിട്ട 15, എറണാകുളം 15, കോട്ടയം 8, ഇടുക്കി 7 എന്ന കണക്കിലാണ് ആംബുലൻസുകൾ തയ്യാറാക്കിയിട്ടുള്ളത്. ബാക്കിയുള്ളവ ഒക്‌ടോബർ അവസാനത്തോടെ നിരത്തിലിറങ്ങും.

ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുന്നതിന് 1800 599 22 70 എന്ന സൗജന്യ ടോൾഫ്രീ നമ്പരിന്റെ സേവനവും ലഭ്യമാണ്.

ആംബുലൻസും ആശുപത്രി സൗകര്യവും

108 എന്ന നമ്പരിലൂടെ കോൾസെന്ററിൽ വിളിച്ചാൽ എത്രയും വേഗം ആംബുലൻസ് ലഭ്യമാക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയെ വിവരമറിയിച്ച് വേണ്ടത്ര സൗകര്യമൊരുക്കുന്നതുമാണ്. ഇതിനായി ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ടെലി കോൺഫറൻസ് വഴി ഡോക്ടറുടെ സേവനവും ലഭ്യമാക്കും.