terrorism

ലാഹോർ: ലോകരാഷ്ട്രങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രവർത്തനം മന്ദീഭവിപ്പിച്ചിരുന്ന പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന 'ജയ്‌ഷെ മുഹമ്മദ്' പേര് മാറ്റി പുനഃസംഘടിപ്പിച്ചതായി റിപ്പോർട്ട്.

'മജ്ലിസ് വുറാസെ ഇ ശുഹുദ ജമ്മു വ കാശ്മീർ' എന്നതാണ് പുതിയ പേര്.

കാശ്മീർ രക്തസാക്ഷികളുടെ പിൻഗാമികളുടെ കൂട്ടായ്മ എന്നാണിതിന്റെ അർത്ഥം. ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന്റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗറാണ് പുതിയ തലവൻ. മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിൽ പാകിസ്ഥാനിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

പാകിസ്ഥാനിലെ ഭീകരത്താവളങ്ങൾക്ക് നേരെ രാജ്യാന്തര സമ്മർദ്ദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസിയാണ് പേരുമാറ്റം കണ്ടെത്തിയത്. സംഘടനയുടെ കൊടിയിൽ അൽ ജിഹാദ് എന്നിടത്ത് അൽ ഇസ്ലാം എന്നെഴുതിയിട്ടുണ്ടെന്നതാണ് ഏക മാറ്റം.

ഇതാദ്യമായല്ല ജയ്‌ഷെ മുഹമ്മദ് പേര് മാറ്റുന്നത്. ഖുദം അൽ ഇസ്ലാം, അൽ റെഹ്മത് ട്രസ്റ്റ് എന്നീ പേരുകളിൽ നേരത്തേ അറിയപ്പെട്ടിരുന്നു. ഇന്ത്യ, ഇസ്രായേൽ, യു.എസ് എന്നീ രാജ്യങ്ങൾക്കെതിരെ സംഘടന ഇതിനകം ജിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളുൾപ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ 30 ആത്മഹത്യാ സ്‌ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് മസൂദ് അസ്ഹറിനെ യു.എൻ സുരക്ഷാ സമിതി രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ് പാകിസ്ഥാനിൽ ഭീകര സംഘടനയുടെ പരിശീലന കേന്ദ്രങ്ങൾ സജീവമായതെന്നാണ് സൂചന. ബാലാകോട്ടിൽ മിന്നലാക്രമണത്തിലൂടെ തകർത്ത ജയ്‌ഷെ ഭീകര ക്യാമ്പ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു