ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ കേരളത്തിന്റെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ബംഗളൂരുവിൽ നടക്കുന്ന മത്സരങ്ങളിൽ കേരളത്തിന്റെ ആദ്യ എതിരാളി ഛത്തീസ്ഗഡാണ്. റോബിന്‍ ഉത്തപ്പ നയിക്കുന്ന ടീമിൽ സഞ്ജു സാംസണാണ് വൈസ് ക്യാപ്റ്റൻ. എലൈറ്റ് എ ഗ്രൂപ്പിലുള്ള കേരളം നാളെ സൗരാഷ്ട്ര, 29ന് ആന്ധ്ര, ഒക്ടോബർ ഒന്നിന് മുംബയ്, ഒൻപതിന് ജാർഖണ്ഡ്, 11ന് ഹൈദരാബാദ്, 13ന് കർണാടക എന്നീ ടീമുകളെ നേരിടും. ഡേവ് വാട്മോറാണ് കേരളത്തിന്റെ പരിശീലകൻ. സോണി ചെറുവത്തൂരും രാജഗോപാലും സഹ പരിശീലകരാണ്. നേരത്തേ പ്രഖ്യാപിച്ച 15 അംഗ ടീമിലേക്ക് വിനൂപ് മനോഹരനെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ടീം: റോബിൻ ഉത്തപ്പ (ക്യാപ്ടൻ), ജലജ് സക്സേന, രാഹുൽ .പി, സഞ്ജു സാംസൺ (വൈസ് ക്യാപ്ടൻ), സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ.എം (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ്, ആസിഫ് കെ.എം, നിധീഷ് എം.ഡി, ബേസിൽ തമ്പി, സന്ദീപ് വാര്യർ, മിഥുൻ .എസ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, സിജോമോൻ ജോസഫ്, വിനൂപ് മനോഹരൻ.