teekaram-meena

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ 'ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പും അതുമൂലം നിലവിൽ വരുന്ന പെരുമാറ്റചട്ടവും വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു എന്ന വിമർശനത്തോട് താൻ യോജിക്കുന്നതായും മീണ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് പെരുമാറ്റചട്ടം നിലവിലുള്ള ജില്ലകളിൽ, എം.പി ഫണ്ടും എം.എൽ.എ ഫണ്ടും അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016ലാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയവുമായി മോദി രംഗത്തെത്തുന്നത്.

പെരുമാറ്റ ചട്ടം എം.എൽ.എ, എം.പി ഫണ്ടുകൾക്ക് ബാധകമായതിനാലാണ് ഇതെന്നും ഫണ്ട് അനുവദിക്കുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കണം എന്നും ടിക്കാറാം മീണ അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളിൽ പെരുമാറ്റ ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോഡ് , എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ആണ് പെരുമാറ്റ ചട്ടം നിലവിൽ വന്നത്. എന്നാൽ തലസ്ഥാന ജില്ലയിലായതിനാൽ തിരുവനന്തപുരം ജില്ലയിൽ പെരുമാറ്റ ചട്ടം ഏർപ്പെടുത്തിയിട്ടില്ല. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമാണ് നിലവിൽ പെരുമാറ്റച്ചട്ടം നിലനിൽകുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.