earthquake

ഇസ്ലാമാബാദ്: ഇന്ത്യപാക് അതിർത്തി പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് 4.35 ഓടെയുണ്ടായ ഭൂമി കുലുക്കത്തിൽ പാകിസ്ഥാനിൽ കുട്ടികളടക്കം 19പേർ മരിച്ചു. 300പേർക്ക് പരിക്കേറ്റു. പാക് അധിനിവേശ കാശ്മീരിലെ മിർപൂരിലും ഇസ്ലാമാബാദടക്കമുള്ള വടക്കൻ ഭാഗങ്ങളിലുമാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും

എട്ട് മുതൽ 10 സെക്കന്റ് വരെ മാത്രം നീണ്ടു നിന്ന ഭൂചലനം റിക്ടർ സ്‌കെയിലിൽ 6.3 മുതൽ ചിലയിടത്ത് 7.1 വരെ തീവ്രത രേഖപ്പെടുത്തി. മിർപൂർ ജില്ലയിലും പാക് പഞ്ചാബിലുമാണ് കനത്ത നാശനഷ്ടമുണ്ടായി. മിർപൂരിൽ റോഡുകൾ നെടുകെ പിളരുകയും ഒരു കെട്ടിടം തകർന്ന് വീഴുകയും ചെയ്തു. ഈ അപകടത്തിൽ മാത്രം 50 ലധികം പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനിലെ ലാഹോറാണെന്നാണ് നിഗമനം.രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങളോട് പാക് സൈനിക മേധാവി നിർദേശിച്ചു.ഇന്ത്യയിൽ ഡൽഹി, ദേശീയ തലസ്ഥാന മേഖലകൾ (എൻ.സി.ആർ), ചണ്ഡീഗഡ്, ഡെറാഡൂൺ, കാശ്മീർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.