കൊച്ചി: സംരംഭകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ ലഭ്യമാക്കാനായി ബാങ്ക് ഒഫ് ഇന്ത്യ ശാഖകളിൽ ഇന്ന് എം.എസ്.എം.ഇ ഉത്സവം നടക്കും. ഇതിനായി പ്രത്യേക 'വെൽക്കം ഓഫറുകൾ" അവതരിപ്പിച്ചിട്ടുണ്ട്. എം.എസ്.എം.ഇ/കോർപ്പറേറ്റ് വെൽക്കം ഓഫറിലൂടെ 50 ലക്ഷം രൂപ മുതൽ 25 കോടി രൂപവരെ വായ്‌പ നേടാം.

ഭക്ഷ്യ സംസ്‌കരണ, കാർഷിക, അടിസ്ഥാന വികസന യൂണിറ്റുകൾക്കായി അഗ്രി വെൽക്കം ഓഫറിലൂടെയും 50 ലക്ഷം രൂപ മുതൽ 25 കോടി രൂപവരെ വായ്‌പ ലഭിക്കും. ചെറുകിട വ്യവസായങ്ങൾക്ക് അതിവേഗം വായ്‌പാ അനുമതി ലഭ്യമാക്കാനായി എറണാകുളത്ത് എസ്.എം.ഇ സിറ്റി സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇന്ന് 10 കോടി രൂപയുടെ എം.എസ്.എം.ഇ വായ്‌പകൾ വിതരണം ചെയ്യുമെന്ന് ബാങ്ക് ഒഫ് ഇന്ത്യ കേരള സോണൽ മാനേജർ വി. മഹേഷ് കുമാർ‌ പറഞ്ഞു.