മുംബയ്: 10 രൂപ നോട്ടിന് പകരം നാണയം നൽകിയ ബസ് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച് യാത്രക്കാരൻ. നവി മുബൈ മുനിസിപ്പൽകോർപറേഷൻ ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്ടറായ രമേശ്വർ ഇപ്പറിനെയാണ് തനിക്ക് പത്ത് രൂപ നോട്ടായി നൽകാത്തതിന് യുവാവ് കുത്തിയത്. സംഭവത്തിൽ കുറ്റവാളിയായ നവി മുംബൈ പൻവേൽ സ്വദേശി തന്മയ് കാവ്തേക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നവെന്നും സഹയാത്രക്കാർ പറയുന്നു. രാമേശ്വറിന് കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്.
തിങ്കളാഴ്ച രാവിലെയാണ് കോപ്പാർ ഖരാനിൽ നിന്നും പൻവേലിലേക്ക് പോകുന്ന ബസിൽ തൻമയ് കയറിയത്. 20 രൂപ നൽകി ടിക്കറ്റെടുത്ത തന്മയിയ്ക്ക് 10 രൂപയുടെ നാണയമാണ് കണ്ടക്ടറായ രാമേശ്വർ നൽകിയത്. എന്നാൽ തനിക്ക് ബാക്കിയായി നാണയം വേണ്ടെന്നും പത്ത് രൂപയുടെ നോട്ട് തന്നെ നൽകണമെന്നും തന്മയ് ആവശ്യപ്പെട്ടു. രാമേശ്വർ ഇത് നൽകാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ് തന്മയ് തന്റെ പോക്കറ്റിലുണ്ടായിരുന്ന കത്തിയെടുത്ത് രാമേശ്വറിനെ കുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമേശ്വർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. തന്മയിയുടെ പേരിൽ സമാനമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ നിലവിലുണ്ട്.